കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ ഷോക്കേറ്റ് മരണപ്പെട്ട എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്റെ മൃതദേഹം സംസ്‌കരിച്ചു. പടിഞ്ഞാറെ കല്ലട വിളന്തറയിലെ വീട്ടുവളപ്പിലാണ് മൃതദേഹം സംസ്‌കരിച്ചത്. ഉറ്റവരുടേയും പ്രിയപ്പെട്ടവരുടേയും അന്ത്യചുംബനം ഏറ്റുവാങ്ങിയാണ് മിഥുന്‍ യാത്രയായത്. കുഞ്ഞ് മിഥുനെ അവസാനമായി ഒരു നോക്കുകാണാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് നിരവധി പേര്‍ ഒഴുകിയെത്തി. കുഞ്ഞനുജനന്‍ സുജിനാണ് മിഥുന്റെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സ്‌കൂളില്‍വെച്ച് ഷോക്കേറ്റ് മിഥുന്‍ മരണപ്പെടുന്നത്. വിദേശത്ത് ജോലി ചെയ്തിരുന്ന അമ്മ സുജ വരുന്നതിന് വേണ്ടിയാണ് സംസ്‌കാര ചടങ്ങുകള്‍ നീണ്ടത്. ഇന്ന് രാവിലെ സുജ നാട്ടിലെത്തി. മിഥുന്‍ പഠിച്ചിരുന്ന സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചിരുന്നു. മിഥുന്റെ ചേതനയറ്റ ശരീരം സ്‌കൂളിലേക്ക് എത്തിച്ചപ്പോള്‍ സഹപാഠികളുടേയും അധ്യാപകരുടേയും സങ്കടം അണപൊട്ടി. സ്‌കൂള്‍ പരിസരം കണ്ണീര്‍ക്കടലായി.
സ്‌കൂളിലെ പൊതുദര്‍ശനത്തിന് ശേഷം വിലാപയാത്രയായാണ് മിഥുന്റെ മൃതദേഹം വിളന്തറയിലെ വീട്ടിലെത്തിച്ചത്. അതിവൈകാരിക നിമിഷങ്ങള്‍ക്കായിരുന്നു വിളന്തറയിലെ മിഥുന്റെ വീടായ മനുഭവനും സാക്ഷിയായത്. മിഥുന് അന്ത്യമോപചാരമര്‍പ്പിക്കാന്‍ നിരവധിയാളുകള്‍ വീട്ടിലേക്ക് ഒഴുകിയെത്തി. മിഥുന്റെ മൃതദേഹത്തിന് സമീപം നിര്‍വികാരയായി സുജ ഇരുന്നത് കണ്ടുനിന്നവര്‍ക്ക് കണ്ണീര്‍ക്കാഴ്ചയായി. ഒടുവില്‍ അന്ത്യചുംബനം നല്‍കി അച്ഛന്‍ മനുവും അമ്മ സുജനും അനുജനും മുത്തശ്ശിയും മറ്റ് ബന്ധുക്കളും മിഥുനെ യാത്രയാക്കി.










Manna Matrimony.Com
Thalikettu.Com







