കൊച്ചി: വടുതലയില്‍ അയല്‍വാസി പെടോള്‍ ഒഴിച്ച് തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ച ക്രിസ്റ്റഫറിന്റെ നില അതീവ ഗുരുതരം. 50 ശതമാനം പൊള്ളലേറ്റ ക്രിസ്റ്റഫര്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. സാരമായി പൊള്ളലേറ്റ ഭാര്യ മേരിയും ചികിത്സയില്‍ തുടരുകയാണ്. ദമ്പതികളെ പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം ആത്മഹത്യ ചെയ്ത അയല്‍വാസി വില്ല്യംസിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും.
ക്രിസ്റ്റഫറും വില്ല്യംസും തമ്മില്‍ ദീര്‍ഘകാലമായി തര്‍ക്കം നിലനിന്നിരുന്നു. ക്രിസ്റ്റഫറിന്റെ വീട്ടിലേക്ക് വില്ല്യം മാലിന്യം എറിയുന്നതും തര്‍ക്കം രൂക്ഷമാക്കി. പിന്നാലെ ക്രിസ്റ്റഫര്‍ കാമറ സ്ഥാപിച്ചതും പൊലീസില്‍ പരാതിപ്പെട്ടതും വില്ല്യംസിന്റെ പക ഇരക്കുന്നതിന് ഇടയാക്കിയെന്നാണ് വിവരം.
മാലിന്യം എറിഞ്ഞ സംഭവത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ ഇടപെട്ട് പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചിരുന്നു. ഇനി ഇങ്ങനെ ചെയ്യില്ലെന്ന് വില്ല്യംസ് പറഞ്ഞതോടെ പ്രശ്‌നങ്ങള്‍ അവസാനിച്ചെന്നാണ് കരുതിയത്. എന്നാല്‍ പക വീട്ടാനായി വില്ല്യംസ് കാത്തിരിക്കുകയായിരുന്നു. അതിനിടെയാണ് കഴിഞ്ഞദിവസം പള്ളിപ്പെരുന്നാള്‍ കണ്ട് മടങ്ങി വരുന്ന ക്രിസ്റ്റഫറിന്റേയും ഭാര്യ മേരിയുടേയും ദേഹത്തേക്ക് പെട്രോളൊഴിച്ച് തീക്കൊളുത്തുന്നത്.
വില്ല്യമിന്റെ സഹോദരങ്ങളും നേരത്തെ പരിസര പ്രദേശത്ത് തന്നെയായിരുന്നു താമസിച്ചിരുന്നതെന്നും എന്നാല്‍ വല്ല്യംസിനെ സഹിക്കവയ്യാതെ നാടുവിട്ടുവെന്നും സൂചനയുണ്ട്. സഹോദരന്റെ മകന്റെ തലയില്‍ ചുറ്റികകൊണ്ട് അടിച്ച കേസും വില്ല്യംസിനെതിരെ നിലനില്‍ക്കുന്നുണ്ട്. അതില്‍ നിയമനടപടി ഇപ്പോഴും തുടരുകയാണ്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. എറണാകുളം നോര്‍ത്ത് പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. വില്യം സ്ഥിര പ്രശ്നക്കാരനായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്.










Manna Matrimony.Com
Thalikettu.Com







