ഷാർജ: ഷാർജയിൽ മരിച്ച കൊല്ലം സ്വദേശി വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം യുഎഇയിൽ സംസ്കരിക്കും. ദുബായിൽ നടന്ന ഇന്ത്യൻ കോൺസുലേറ്റിന്റെ ചർച്ചയിലാണ് തീരുമാനം. കുഞ്ഞിന്റെ സംസ്കാരം വൈകുന്നത് ഒഴിവാക്കാനാണ് വിട്ടുവീഴ്ച ചെയ്തതെന്നും വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം ഇനിയും ഫ്രീസറിൽ വച്ചുകൊണ്ടിരിക്കാൻ വയ്യെന്നും കുടുംബം പ്രതികരിച്ചു. ഇതുവരെ മൃതദേഹം കാണാൻ പോലും പറ്റിയിട്ടില്ലെന്ന് കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.
കുഞ്ഞിനെ ഷാര്‍ജയില്‍ സംസ്കരിക്കണമെന്ന പിതാവിന്റെ കുടുംബത്തിന്റെ ആവശ്യത്തിന് വിപഞ്ചികയുടെ കുടുംബം സമ്മതിക്കുകയായിരുന്നു. സംസ്കാരം ഇനിയും അനിശ്ചിതമായി നീളാതിരിക്കാനാണ് വിപഞ്ചികയുടെ കുടുംബം ഭർതൃ വീട്ടുകാരുടെ തീരുമാനത്തിന് സമ്മതം അറിയിച്ചത്. കുഞ്ഞിന്‍റെ സംസ്കാരത്തിൽ വിപഞ്ചികയുടെ കുടുംബവും പങ്കെടുക്കും. അതിനുശേഷം വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
വിപഞ്ചികയുടെ മകൾ വൈഭവിയുടെ സംസ്‌കാരം ഇന്നലെ നടത്താനായിരുന്നു കുടുംബം തീരുമാനിച്ചിരുന്നത്. എന്നാൽ, കോൺസുലേറ്റിന്റെ അടിയന്തര ഇടപെടലിനെ തുടർന്ന് സംസ്‌കാരം മാറ്റിവയ്ക്കുകയായിരുന്നു. വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം ആത്മഹത്യ തന്നെ എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനിൽ വിപഞ്ചികയെയും മകൾ വൈഭവിയെയും അൽ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ദുബായിലെ സ്വകാര്യ സ്ഥാപനത്തിൽ ഫയലിങ് ക്ലർക്കാണ് വിപഞ്ചിക. ദുബായിൽ തന്നെ ജോലി ചെയ്യുകയാണ് ഭർത്താവ് നിതീഷ്.










Manna Matrimony.Com
Thalikettu.Com







