നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നാളെ രാവിലെ 5.30ന് നടപ്പിലാക്കും. കേസിലെ രണ്ട് പ്രതികളുടെ രണ്ടാമത്തെ ദയാഹരജി രാഷ്ട്രപതി പരിഗണിച്ചില്ല. വധശിക്ഷ റദ്ദാക്കണമെന്ന പവന്‍ ഗുപ്തയുടെ തിരുത്തല്‍ ഹരജിയും സുപ്രീംകോടതി തള്ളി.
നിര്‍ഭയ കേസിലെ പ്രതികളായ പവന്‍ ഗുപ്ത, മുകേഷ് സിങ്, വിനയ് കുമാര്‍ ശര്‍മ്മ, അക്ഷയ് കുമാര്‍ എന്നിവരുടെ വധശിക്ഷ നാളെ പുലർച്ചെ 5:30ന് നടപ്പിലാക്കണമെന്നാണ് പട്യാല ഹൗസ് കോടതിയുടെ മരണവാറന്‍റ്. ഇനി ഈ പകല്‍ മാത്രമാണുള്ളത്.
വധശിക്ഷ നടപ്പിലാക്കാനുള്ള ഒരുക്കങ്ങളെല്ലാം തീഹാര്‍ ജയിലില്‍ പൂര്‍ത്തിയായി. നാല് പേരെ ഒരുമിച്ച് ഇതുവരെ തൂക്കിലേറ്റിയിട്ടില്ല എന്നതിനാല്‍ പ്രത്യേക തൂക്കുതട്ടാണ് തയ്യാറാക്കിയിട്ടുള്ളത്. ആരാച്ചാര്‍ പവന്‍ ജല്ലാള്‍ ഡമ്മികളെ തൂക്കി. വൈദ്യപരിശോധനയും കൗൺസിലിങും തുടരുകയാണ്. പ്രതികള്‍ക്കുള്ള സുരക്ഷ ഇരട്ടിപ്പിച്ചു.
നിയമ സാധ്യതകളെല്ലാം അവസാനിച്ചതിനാല്‍ വിവിധ കോടതികളില്‍ ഹരജികള്‍ നല്‍കി അവസാനശ്രമം തുടരുകയാണ് പ്രതികള്‍.
കൃത്യം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് കാണിച്ചാണ് പവന്‍ ഗുപ്ത തിരുത്തല്‍ ഹരജി നല്‍കിയിരുന്നത്. ഹരജി ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് തള്ളി.
അക്ഷയ് കുമാറിന്‍റെ ഭാര്യ ഒറംഗബാദ് കോടതിയില്‍ നല്‍കിയ വിവാഹമോചന ഹരജിയാണ് ഇനിയുള്ളതില്‍ ശ്രദ്ധേയം. പ്രതികൾ അന്താരാഷ്ട്ര നീതിന്യായ കോടതിയെയും സമീപിച്ചിട്ടുണ്ട്.
മീററ്റ് സ്വദേശിയായ ആരാച്ചാർ പവൻ ജല്ലാദാണ് നാല് പ്രതികളെയും തൂക്കിലേറ്റുക. വധശിക്ഷ നടപ്പാക്കേണ്ട തിഹാർ ജയിലിലെ ചേമ്പറിൽ ഒരേസമയം ഒരാളെ തൂക്കിലേറ്റാനുള്ള കഴുമരം മാത്രമാണ് ഉണ്ടായിരുന്നത്. നാല് പ്രതികളെയും ഒരുമിച്ചു തൂക്കിലേറ്റുന്നതിന് കഴിഞ്ഞ ദിവസം പ്രത്യേക കഴുമരമൊരുക്കി.
ഇതിന് ശേഷമാണ് ബുധനാഴ്‌ച രാവിലെ ഡമ്മി പരീക്ഷിച്ചത്. ഇതോടെ വധശിക്ഷയുമായി ബന്ധപ്പെട്ട അവസാന വട്ട തയാറെടുപ്പുകളും പൂർത്തിയായി എന്നാണ് തിഹാർ ജയിൽ അധികൃതർ നൽകുന്ന വിവരം. ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ കഴിയില്ല. ജയിലിലെ മറ്റ് പ്രതികളുമായി സംസാരിക്കാൻ പ്രതികൾക്ക് അനുവാദമില്ല. പ്രത്യേക സെല്ലിലാണ് നാല് പ്രതികളെയും പാർപ്പിച്ചിരിക്കുന്നത്. അനുമതി ലഭിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് മാത്രമാണ് സെല്ലിലേക്ക് പ്രവേശിക്കാൻ അനുവാദമുള്ളൂ.
കഴുമരത്തിൻ്റെ ബലം ഉറപ്പുവരുത്താനാണ് ഡമ്മി പരീക്ഷണം നടത്തുന്നത്. പ്രതികളുടെ തൂക്കത്തിന്റെ ഇരട്ടി ഭാരമുള്ള മണൽചാക്കുകൾ ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. കയറിന്റെയും ബലവും ഇതിനൊപ്പം പരിശോധിച്ചു. പൊതുമരാമത്ത് വിഭാഗം എൻജിനീയർമാരുടെ സാന്നിധ്യത്തിലായിരുന്നു തിഹാർ ജയിലിൽ നിർഭയ കേസ് പ്രതികൾക്കായി ഡമ്മി പരീക്ഷണം നടന്നത്.
കഴുമരവും ബന്ധപ്പെട്ട എല്ലാവിധ സൗകര്യങ്ങളും സംഘം പരിശോധിച്ചു. ലൈറ്റ് സൗകര്യം മെച്ചപ്പെടുത്തുകയും മുറി വൃത്തിയാക്കുകയും ചെയ്‌തു. വധശിക്ഷ നടപ്പാക്കുന്ന ചേമ്പറിൻ്റെ ലിവറിലെ തുരുമ്പ് വൃത്തിയാക്കി. ലിവർ ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്നും അധികൃതർ പരിശോധിച്ചു. ശിക്ഷ നടപ്പാക്കാനുള്ള സൗകര്യങ്ങൾ പൂർത്തിയായോ എന്നാണ് പരിശോധനകൾ കൊണ്ട് ഉദ്ദേശിക്കുന്നത്. തൂക്കു കയറുകള്‍ തിഹാര്‍ ജയിലില്‍ എത്തിക്കഴിഞ്ഞു. ബിഹാറിലെ ബക്‌സര്‍ ജയില്‍ അധികൃതരാണ് അവ നിര്‍മ്മിച്ച് തിഹാറില്‍ എത്തിച്ചത്.
ശിക്ഷ നടപ്പാക്കുന്നതിന് മുന്നോടിയായി നാല് പ്രതികളെയും വൈദ്യപരിശോധയ്‌ക്ക് ഹാജരാക്കുന്നുണ്ട്. പ്രതികളുടെയും ബ്രയിൻ മാപ്പിങ് ഉൾപ്പെടെയുള്ള വൈദ്യ പരിശോധനയും ഏതാനും ദിവസങ്ങളായി നടക്കുന്നുണ്ട്. പ്രതികൾക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
മാനസിക സംഘർഷത്താൽ പ്രതികൾ സ്വയം മുറിവേൽപ്പിക്കുന്നത് തടയാനും ആത്മഹത്യാശ്രമം പോലെയുള്ള നീക്കങ്ങൾ നടത്താതിരിക്കാനും ജയിലിന് പുറത്ത് പ്രത്യേക കാവൽ ഏർപ്പെടുത്തി. ശിക്ഷ നടപ്പാക്കുന്ന ദിവസം രാവിലെയും തലേദിവസം രാത്രിയും പരിശോധനയുണ്ടാകും. എല്ലാവിധ സൗകര്യങ്ങളും പൂർത്തിയായെന്ന നിലപാടിലാണ് ജയിൽ അധികൃതർ.
തിഹാർ ജയിൽ തന്നെയാണ് പവന്‍ ജല്ലാദിന് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഡൽഹി പോലീസിൻ്റെ പ്രത്യേക സുരക്ഷയിലാണ് അദ്ദേഹത്തെ മീററ്റിൽ നിന്ന് തിഹാർ ജയിലിൽ എത്തിച്ചത്. രാജ്യത്ത് ഔദ്യോഗികമായി രജിസ്‌റ്റർ ചെയ്യപ്പെട്ടിട്ടുള്ള ചുരുക്കം ആരാച്ചാരിൽ ഒരാളായതിനാൽ ജല്ലാദിന് മതിയായ സുരക്ഷയും സൗകര്യങ്ങളും ഏർപ്പെടുത്തി നൽകേണ്ടത് അധികൃതരുടെ ഉത്തരവാദിത്വമാണ്. ഡമ്മി പരീക്ഷണവും അവസാനിച്ചതിനാൽ ശിക്ഷ നടപ്പാക്കേണ്ട ജോലി മാത്രമാകും അദ്ദേഹത്തിന് മുന്നിൽ ഇനി അവശേഷിക്കുക.
മാര്‍ച്ച് 20ന് രാവിലെ അഞ്ചര മണിക്ക് വധശിക്ഷ നടപ്പാക്കാനുള്ള വാറണ്ടാണ് ഡല്‍ഹി പാട്യാല ഹൗസ് കോടതി പുറപ്പെടുവിച്ചത്. വ്യാഴാഴ്‌ച രാത്രി ആരാച്ചാർ ശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങൾ ആരംഭിക്കും. പുലർച്ചെ ജയിലെത്തുന്ന പ്രത്യേക മെഡിക്കൽ സംഘം നാല് പ്രതികളെയും പരിശോധിച്ച് ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെന്ന് ഉറപ്പ് വരുത്തും. തുടർന്ന് ചട്ടപ്രകാരമുള്ള നടപടികൾക്ക് ശേഷം നാല് പ്രതികളെയും തൂക്കിലേറ്റും. ആറ് മണിക്ക് ശേഷം മാത്രമാകും മൃതദേഹം ബന്ധുക്കൾക്ക് കൈമാറുക. നടപടിക്രമങ്ങൾ നീണ്ടുപോയാൽ ഏഴുമണിയോടെ മൃതദേഹങ്ങൾ ജയിലിൽ നിന്നും പുറത്തെത്തിക്കും.










Manna Matrimony.Com
Thalikettu.Com







