കോട്ടയം: പണമില്ലാത്തതുകൊണ്ട് കോട്ടയം നഗരത്തില്‍ ഉച്ചയ്ക്ക് ആരും വിശന്നിരിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനായി നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാന്റിന്റെ എതിര്‍വശത്തുള്ള നഗരസഭാ വനിതാ വിശ്രമ കേന്ദ്രത്തില്‍ തുറന്ന ഭക്ഷണശാലയില്‍ ജനത്തിരക്കുമൂലം ഇപ്പോള്‍ ഉച്ചസമയത്ത് നിന്നു തിരിയാന്‍ ഇടമില്ല.
ഉച്ചഭക്ഷണം കഴിക്കാന്‍ കയ്യില്‍ പണമില്ലാത്തവര്‍ക്കും ഭക്ഷണത്തിനായി അധികം പണം മുടക്കാനില്ലാത്തവര്‍ക്കും ധൈര്യമായി ഇവിടേക്ക് വരാം. തിരക്കുള്ള സമയമാണെങ്കില്‍ അല്‍പ്പ സമയം കാത്തുനില്‍ക്കണമെന്നു മാത്രം. ജനുവരി 27ന് ഉദ്ഘാടനം ചെയ്ത കേന്ദ്രം ജനം ഏറ്റെടുത്തത് വളരെ പെട്ടെന്നാണ്.
ഭക്ഷ്യ-പൊതുവിതരണ വകുപ്പിലെ ഉദ്യോഗസ്ഥരാണ് ടോക്കണ്‍ വിതരണം ചെയ്യുന്നത്. കുടുംബശ്രീ അംഗങ്ങളായ അഞ്ചു വനിതകളാണ് നടത്തിപ്പുകാര്‍. പണമില്ലാത്തവര്‍ക്ക് സൗജന്യമായി ഊണുകഴിക്കാം. പണമുള്ളവര്‍ക്ക് ഊണിന് 20 രൂപ നല്‍കിയാല്‍ മതി.
ആവശ്യത്തിനു ചോറും തോരനും ചാറുകറിയും അച്ചാറും സാമ്പാറും അടങ്ങുന്നതാണ് ഊണ്. ചില ദിവസങ്ങളില്‍ അവിയലുമുണ്ടാകും. മീന്‍ വറുത്തതും മീന്‍ കറിയും കക്കയിറച്ചിയുമുള്‍പ്പെടെയുള്ള സ്‌പെഷ്യല്‍ വിഭവങ്ങള്‍ക്ക് ഓരോന്നിനും 30 രൂപ അധികമായി നല്‍കിയാല്‍ മതി. ചിക്കന്‍ ബിരിയാണി വെറും 70 രൂപയ്ക്ക് കിട്ടും.
ഒരു ഊണിന് അഞ്ചു രൂപ സര്‍ക്കാര്‍ സബ്‌സിഡി നല്‍കും. സൗജന്യ ഊണിന് 25 രൂപ വീതമാണ് സബ്‌സിഡി.
കഴിക്കാനെത്തുന്നവരില്‍ ഏറെയും സാധാരണക്കാരാണ്. ഓട്ടോറിക്ഷാ തൊഴിലാളികളും ബസ് ജീവനക്കാരും ചെറുകിട കച്ചവടക്കാരും കോളേജ് വിദ്യാര്‍ഥികളുമൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു. ഇപ്പോള്‍ ദിവസേന 250ലധികം പേര്‍ എത്തുന്നുണ്ട്. അതില്‍ പണമില്ലാത്തവരുമുണ്ട്. 12 മണിക്ക് വിതരണം ആരംഭിക്കുന്ന ഊണ് രണ്ടു മണിക്കു മുന്‍പ് തീരും.
കേന്ദ്രത്തിന്റെ ശരാശരി പ്രതിദിന വരുമാനം 5000 രൂപയോളമാണ്. ഇന്നലെ 20 രൂപ നിരക്കില്‍ 235 ടോക്കണുകളും സൗജന്യമായി എട്ടു ടോക്കണുകളും വിതരണം ചെയ്തു. താലൂക്ക് അടിസ്ഥാനത്തില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള സാധ്യത പരിശോധിച്ചുവരികയാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ വി. ജയപ്രകാശ് പറഞ്ഞു.
കുടുംബത്തിന്റെ ചെലവ് സ്വയം വഹിക്കുന്ന സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കിയാണ് ഇവിടെ ജോലിക്ക് നിയോഗിച്ചത്. തിരക്കേറിയതോടെ വിളമ്പാനും പാത്രം കഴുകാനുമൊക്കെ കൂടുതല്‍ ആളുകളുടെ സഹായം വേണ്ട സാഹചര്യമാണ്.
ചൂട്ടുവേലിയില്‍ വാടകയ്‌ക്കെടുത്ത കെട്ടിടത്തിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. സ്‌പെഷ്യല്‍ വിഭവങ്ങളില്‍ നിന്നും ചിക്കന്‍ ബിരിയാണിയില്‍ നിന്നുമാണ് കേന്ദ്രത്തിന് അധിക വരുമാനം ലഭിക്കുന്നത്.
ജില്ലയില്‍ വീടുകളില്‍ ഒറ്റപ്പെട്ടുകഴിയുന്ന അശരണരായ 50 ഓളം പേര്‍ക്ക് വിശപ്പുരഹിത കേരളം പദ്ധതിയിലുള്‍പ്പെടുത്തി ഉച്ചഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. വാഴൂര്‍, കടുത്തുരുത്തി, അതിരമ്പുഴ, കോട്ടയം മുനിസിപ്പാലിറ്റി സൗത്ത്, നോര്‍ത്ത് എന്നിവിടങ്ങളിലാണ് അശരണര്‍ക്ക് ഭക്ഷണം എത്തിച്ച് നല്‍കുന്നത്. കുടുംബശ്രീ സി.ഡി.എസുകള്‍ക്കാണ് വിതരണച്ചുമതല. ഇത്തരത്തില്‍ വിതരണം ചെയ്യുന്ന ഓരോ ഊണിനും 30 രൂപ സബ്‌സിഡി നല്‍കും.










Manna Matrimony.Com
Thalikettu.Com







