കൊല്ലം: കള്ളനോട്ടുമായി പിടിയിലായ കൊല്ലം കൊട്ടിയം സ്വദേശി രഞ്ജിത്തിന്റെ വീട്ടിൽ പരിശോധന നടത്തിയ പൊലീസ് കണ്ടെത്തിയത് നോട്ടടി യന്ത്രവും നിരവധി കള്ളനോട്ടുകളും. രഞ്ജിത്തിന്റെ ചാത്തന്നൂരിലുള്ള വീട്ടിലാണ് പൊലീസ് ഇന്ന് പരിശോധന നടത്തിയത്. സ്വന്തമായി അച്ചടിക്കുന്ന കള്ളനോട്ടുകൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് ചെലവാക്കുന്നതായിരുന്നു ഇവരുടെ രീതി. രഞ്ജിത്തിനെയും ഭാര്യ ലിജയെയും കഴിഞ്ഞ ദിവസമാണ് പാലക്കാട് മങ്കരയിൽ കള്ളനോട്ടുമായി പൊലീസ് പിടികൂടിയത്. ഇത്തരത്തിൽ കള്ളനോട്ടുകൾ മാറി മറ്റ് നോട്ടുകൾ ശേഖരിക്കുന്നതിനിടെ പാലക്കാട് നിന്നാണ് ഇരുവരും പിടിയിലായത്.
അഞ്ഞൂറുരൂപയുടെ 53 കള്ളനോട്ടുകളും ഇരുന്നൂറുരൂപയുടെ 122 കള്ളനോട്ടുകളും പരിശോധനയിൽ പൊലീസ് പിടിച്ചെടുത്തു. കള്ളനോട്ട് അടിക്കാൻ ഉപയോഗിച്ചിരുന്ന പ്രിന്റിങ് മെഷീൻ അടക്കമുള്ള ഉപകരണങ്ങളും പൊലീസ് വീട്ടിൽനിന്ന് കണ്ടെടുത്തു. മങ്കരയിലെ കടകളിൽ കള്ളനോട്ട് നൽകി കബളിപ്പിച്ച ദമ്പതിമാരെ വ്യാപാരികളും നാട്ടുകാരും ചേർന്ന് പിടികൂടുകയായിരുന്നു.പിന്നീട് പൊലീസ് സംഘം സ്ഥലത്തെത്തി നോട്ട് വ്യാജമാണെന്ന് സ്ഥിരീകരിച്ചതോടെ ഇരുവരെയും അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ 11ന് മങ്കര പൊലീസ് സ്റ്റേഷനു സമീപത്തെ അക്ഷ ബേക്കറിയിൽ നിന്നു മിഠായി വാങ്ങിച്ചു ഇവർ 500 രൂപയുടെ നോട്ട് നൽകുകയായിരുന്നു. 80 രൂപ കിഴിച്ച 420 രൂപ കടയുടമ സന്തോഷ് തിരിച്ചു നൽകി. പാതയോരത്ത് നിർത്തിയിട്ടിരുന്ന സ്‌കൂട്ടറിൽ പോയതിനു ശേഷം നോട്ട് പരിശോധിച്ചപ്പോഴാണു വ്യാജ നോട്ടാണെന്നു കടയുടമ തിരിച്ചറിഞ്ഞത്. ഉടൻ സൃഹൃത്തിനെ വിളിച്ചു ഇവരെ പിന്തുടരുകയായിരുന്നു. തേനൂർ വരെ പോയി നോക്കിയെങ്കിലും ഇവരെ കണ്ടെത്താനായില്ല, തിരിച്ചു വരുമ്പോൾ സ്‌കൂട്ടറിൽ പോകുന്നതു കണ്ടതോടെ പിന്തുടരുകയായിരുന്നു. തേനൂരിൽ സുകുമാരന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കടയിൽ കയറിയ ദമ്പതികൾ സാധനങ്ങൾ വാങ്ങി 500 രൂപ നൽകിയപ്പോൾ കൈയോടെ പിടികൂടി.
മങ്കര പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണു കൂടുതൽ നോട്ടുകൾ ഇവരിൽ നിന്നു കണ്ടെത്തിയത്. മങ്കര എസ്‌ഐ. എൻ.കെ. പ്രകാശിനാണ് അന്വേഷണച്ചുമതല. അറസ്റ്റിലായ രഞ്ജിത്ത് ഓൺലൈനായി സാധനങ്ങൾ വിതരണം ചെയ്യുന്ന ജോലിയാണ് ഭാര്യ ലിജ തയ്യൽക്കാരിയുമാണ്