കോട്ടയം: കൊടുംവേനലിൽ നാടും നഗരവും വെന്തുരുകുന്പോൾ ആളുകൾക്ക് ആശ്വാസത്തിന്റെ കുളിരുപകരുകയാണ് എംസി റോഡിൽ ചിങ്ങവനം പുത്തൻ പാലത്തിനു സമീപമുള്ള വഴിയോര ശീതളപാനീയക്കട. പുത്തൻപാലം കൊച്ചുപറന്പിൽ രാജീവും ഭാര്യ രമ്യയുമാണു കഴിഞ്ഞ എട്ടു വർഷമായി ഇവിടെ ശീതളപാനിയങ്ങൾ വിൽപന നടത്തിവരുന്നത്.
മണ്കുട സംഭാരം, പാലക്കാടൻ കുലുക്കി സർബത്ത്, മിൽക്ക് സർബത്ത്, ലെസി, തണ്ണിമത്തൻ ജ്യൂസ്, കരിക്ക്, സോഡാ സർബത്ത് എന്നിവയാണ് പ്രധാനമായും ഇവിടെ കച്ചവടം നടക്കുന്നത്. മണ്കുട സംഭാരത്തിനാണ് ആവശ്യക്കാരേറെ. കട്ടത്തൈര് നല്ലതുപോലെ ഉടച്ച് അതിൽ ഉള്ളിയും മുളകും ഇഞ്ചിയും കറിവേപ്പിലയും ചതിച്ചിട്ടു മണ്കുടത്തിലാണ് നൽകുന്നത്.
വെള്ളം ഒഴിച്ചുള്ള സംഭാരത്തിനു 20 രൂപയും സോഡ ഒഴിച്ചുള്ള സംഭാരത്തിനു 25 രൂപയുമാണ് വില. വേനലും ദാഹവും കൂടിയതോടെ ശീതളപാനീയക്കടയിൽ ഇപ്പോൾ നല്ല തിരിക്കാണ്. 30 മുതൽ 50 ലിറ്റർ വരെ തൈര് ഒരു ദിവസം സംഭാരമായി പോകുന്നുണ്ട്. കട്ടത്തൈര് പഞ്ചസാര ചേർത്ത് നല്ലതുപോലെ അടിച്ച് അതിൽ പൈനാപ്പിൾ, മാങ്ങ, മുന്തിരി, ആപ്പിൾ തുടങ്ങിയവയുടെ എസൻസ് ചേർത്തു നൽകുന്ന ലെസിക്കും ആവശ്യക്കാരേറെയാണ്.
40 രൂപയാണ് ഇതിന്റെ വില. സോഡ സർബത്ത് സ്റ്റീൽ കുടത്തിലാണ് നൽകുന്നത്. വിവിധ രുചികളിൽ കിട്ടുന്ന പാലക്കാടൻ കുലുക്കി സർബത്തിനും നല്ല ഡിമാന്റാണ്. യുവാക്കളാണ് കുലുക്കി സർബത്തും ലെസിയും അന്വേഷിച്ചു വരുന്നത്.
തിരക്കേറിയ റോഡായതിനാൽ ധാരാളം വഴിയാത്രക്കാരും ഇവിടെ ദാഹം ശമിപ്പിക്കാനും വിശ്രമിക്കാനും എത്തുന്നുണ്ട്.