സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയിലാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. ഈ മാസം 6ന് യുഎഇയില്‍ നിന്ന് എത്തിയ ഇദ്ദേഹം ഇപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കി. ഇതോടെ സംസ്ഥാനത്ത് 3 പേര്‍ക്കാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്.
നേരത്തെ കൊല്ലത്തും കണ്ണൂരിലുമാണ് മങ്കി പോക്‌സ് സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വിദേശത്തു നിന്നെത്തുന്ന എല്ലാവര്‍ക്കും ആരോഗ്യ പരിശോധന കര്‍ശനമാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം.
എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധന നടത്തണമെന്നാണ് കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്. രണ്ട് പേര്‍ക്ക് മങ്കി പോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വിമാനത്താവള, തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുമായി ആരോഗ്യ വകുപ്പ് ഡയറക്ടര്‍മാര്‍ കൂടിക്കാഴ്ച നടത്തിയത്. വിദേശത്തുനിന്നെത്തുന്നവരില്‍ നിന്ന് രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ കര്‍ശന പരിശോധനകള്‍ വേണമെന്ന് നിര്‍ദേശം നല്‍കി.
വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും പ്രവേശന കവാടങ്ങളിലെ ആരോഗ്യ പരിശോധനാ നടപടി ക്രമങ്ങള്‍ കേന്ദ്രം അവലോകനം ചെയ്തു. കേന്ദ്രആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശമുണ്ട്. രോഗ നിയന്ത്രണത്തിന് സംസ്ഥാന ഭരണ കൂടങ്ങളും വിമാനത്താവളം- തുറമുഖ വിഭാഗങ്ങളും തമ്മില്‍ കാര്യക്ഷമമായ ഏകോപനം ആവശ്യമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.










Manna Matrimony.Com
Thalikettu.Com







