തൃശൂർ: പാഴായിയിൽ നാലര വയസ്സുകാരിയെ പുഴയിലെറിഞ്ഞു കൊന്ന കേസിൽ തൃശൂർ ജില്ലാ കോടതിയിൽ നടന്ന വിചാരണ ചരിത്രമായി. വീഡിയോ കോണ്‍ഫറൻസ് വഴിയായിരുന്നു ഓസ്ട്രേലിയയിലെ മെൽബണിലായിരുന്ന പ്രധാനസാക്ഷികളുടെ വിചാരണയും തെളിവെടുപ്പും നടന്നത്.
തൃശൂർ വീഡിയോ കോണ്‍ഫറൻസ് റൂമിലിരുന്ന് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് സോഫി തോമസാണ് വാദം കേട്ടത്. ഇത് പാഴായി മേബ കൊലക്കേസിനെ വ്യത്യസ്തമാക്കി.
മെൽബണിലെ ഇന്ത്യൻ കോണ്‍സുലേറ്റ് മുഖേന വീഡിയോ കോണ്‍ഫറൻസ് വഴി തെളിവെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് പബ്ലിക് പ്രോസിക്യൂട്ടർ നൽകിയ അപേക്ഷ കോടതി അനുവദിക്കുകയായിരുന്നു.
തുടർന്ന് സ്കൈപ്പ് വഴി വിസ്താരവും എതിർവിസ്താരവും നടത്തി. മരിച്ച മേബയുടെ അച്ഛൻ രഞ്ജിത്തും അമ്മ നീഷ്മയും മെൽബണിൽ ജോലി ചെയ്യുകയാണ്. അടിയന്തിരമായി നാട്ടിൽവരാൻ കഴിയാത്തതുമൂലമാണ് വീഡിയോ കോണ്‍ഫറൻസ് നടത്തിയത്.
ഒരു കൊലപാതകകേസിൽ വിദേശത്തുളള പ്രധാനസാക്ഷികളെ വീഡിയോ കോണ്‍ഫറൻസ് വഴി വിസ്താരവും തെളിവെടുപ്പും നടത്തുന്നതും തെളിവുകൾ ശേഖരിച്ച് പ്രതിയെ കുറ്റക്കാരിയെന്നു കണ്ടെത്തിയതും അപൂർവ സംഭവമാണ്. മേബ വധക്കേസിന്റെ തെളിവെടുപ്പ് ആരംഭിക്കുന്നതിനുമുൻപു തന്നെ പ്രോസിക്യൂഷന് തുടരന്വേഷണം ആവശ്യപ്പെട്ടിരുന്നു.
സാഹചര്യതെളിവുകൾ മാത്രമുളള കേസിൽ പുതിയ തെളിവുകളും, കൂടുതൽസാക്ഷികളെയും തുടരന്വേഷണത്തിൽ കണ്ടെത്താനായത് കേസിലെ നിർണായക വഴിത്തിരിവായി.