സംസ്ഥാനത്ത് ഇന്നും മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിപക്ഷ പ്രതിഷേധം നടക്കുകയാണ്. കണ്ണൂര്‍ ഗസ്റ്റ്ഹൗസിന് മുന്നില്‍ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചു. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
തളിപ്പറമ്പ് കില പഠന കേന്ദ്രത്തിന് മുമ്പില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് ലാത്തി വീശി. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ 35 പേര്‍ അറസ്റ്റിലായി. യൂത്ത് കോണ്‍ഗ്രസ്, യുവ മോര്‍ച്ച പ്രവര്‍ത്തകരാണ് അറസ്റ്റിലായത്.
ഇതിനിടെ കണ്ണൂരില്‍ പൊലീസിന്റെ മുന്നില്‍ വച്ച് കെഎസ്‌യു നേതാവിനെ സിപിഐ എം പ്രവര്‍ത്തകര്‍ മര്‍ദിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്ത കെഎസ് യു നേതാവിനെയാണ് മര്‍ദിച്ചത്. മര്‍ദനത്തില്‍ കെഎസ്‌യു കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ഫര്‍ഹാന്‍ മുണ്ടേരിക്ക് അടിയേറ്റു. പൊലീസിന്റെ മുന്നില്‍വച്ചാണ് സിപിഐ എം പ്രവര്‍ത്തകര്‍ കെഎസ് യു നേതാവിനെ മര്‍ദിച്ചത്.
മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് എഴുന്നൂറിലധികം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കരിങ്കൊടി പ്രതിഷേധം ഒഴിവാക്കാന്‍ പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വഴിയിലും പരിപാടി സ്ഥലത്തും കരിങ്കൊടി പ്രതിഷേധത്തിന് പ്രതിപക്ഷ യുവജന സംഘടനകള്‍ ശ്രമിച്ചേക്കും. അതിനാല്‍ തന്നെ കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിക്കായി പൊലീസ് ഒരുക്കിയിരിക്കുന്നത്.
കണ്ണൂരില്‍ മുഖ്യമന്ത്രി പരിപാടികളില്‍ പങ്കെടുക്കാനെത്തുമ്പോള്‍ പൊതുജനങ്ങളുടെ കറുത്ത മാസ്‌ക് അഴിപ്പിക്കില്ലെന്ന് പൊലീസ്. കറുത്ത നിറമുള്ള വസ്ത്രം ധരിക്കുന്നതിനും വിലക്കില്ലെന്ന് പൊലീസ് അറിയിച്ചു. രാത്രി കണ്ണൂരിലെത്തിയ പിണറായി വിജയന്‍ രാത്രി വീട്ടില്‍ തങ്ങിയില്ല. സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി കണ്ണൂര്‍ ഗസ്റ്റ് ഹൗസിലേക്ക് താമസം മാറ്റിയിരുന്നു.










Manna Matrimony.Com
Thalikettu.Com







