യുഎഇയിലെ സ്‌കൂളുകളില്‍ വെക്കേഷന്‍ തുടങ്ങാനിരിക്കേ വിമാന ടിക്കറ്റ് വില കുതിച്ചുയരുന്നു

യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ സ്‌കൂളുകളില്‍ വെക്കേഷന്‍ തുടങ്ങാനിരിക്കേ നാട്ടിലേക്കുള്ള വിമാന ടിക്കറ്റിന്റെ വില കുതിച്ചുയരുന്നത് പ്രവാസികളെ പ്രതിസന്ധിയിലാക്കുന്നു. യു.എ.ഇയിലെ സ്‌കൂളുകളില്‍ ജൂലൈ രണ്ടുമുതലാണ് മധ്യവേനല്‍ അവധി ആരംഭിക്കുന്നത്. ജൂലൈ ഒമ്പതിനോ പത്തിനോ ബലിപെരുന്നാളും എത്തും.

ജൂണ്‍ അവസാനം മുതല്‍ തന്നെ യു.എ.ഇയില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് മൂന്നും നാലും ഇരട്ടിയായി വര്‍ധിപ്പിച്ചിരുന്നു. യു.എ.ഇയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് 1500 മുതല്‍ 3000 ദിര്‍ഹം വരെയാണ് 30,000 60,000 ഇന്ത്യന്‍ രൂപ) ജൂലൈ ആദ്യവാരം മുതല്‍ വിവിധ വിമാന കമ്പനികള്‍ ഈടാക്കുന്നത്.

കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും 1350 മുതല്‍ 2000 ദിര്‍ഹമും കൊച്ചിയിലേക്ക് 1400 മുതല്‍ 3750 ദിര്‍ഹവുമാണ് നിലവില്‍ വിമാന കമ്പനികള്‍ ഈടാക്കുന്നത്. യു.എ.ഇയിലെ വിദ്യാലയങ്ങള്‍ ആഗസ്റ്റ് 29നാണ് തുറക്കുന്നത്. അതുകൊണ്ടുതന്നെ ആഗസ്റ്റിലെ അവസാന ആഴ്ച്ച മുതല്‍ കേരളത്തില്‍നിന്ന് യു.എ.ഇയിലേക്കുള്ള വിമാന ടിക്കറ്റും കമ്പനികള്‍ വര്‍ധിപ്പിക്കും.

അതായത് വേനലവധിക്കാലത്ത് നാട്ടില്‍ പോയി തിരികെ വരണമെങ്കില്‍ 2500 മുതല്‍ 4000 ദിര്‍ഹം വരെ ടിക്കറ്റിനായി മാത്രം മാറ്റിവെക്കേണ്ടിവരും.

 

Exit mobile version