നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് എതിരായ യുവ നടിയുടെ ബലാത്സംഗ പരാതിയില്‍ കഴമ്പുണ്ടെന്ന് പൊലീസ്. വിജയ് ബാബുവിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതിന് പിന്നാലെ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജുവാണ് ഇത് സംബന്ധിച്ച പ്രതികരണം നടത്തിയത്. ബലാത്സംഗം നടന്നതായി പരാതിയില്‍ പറയുന്ന സമയങ്ങളിലും, സ്ഥലങ്ങളിലും വിജയ് ബാബുവിന്റെ സാന്നിധ്യമുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
അതേസമയം, ബലാത്സംഗ ആരോപണത്തിന് പിന്നാലെ വിജയ് ബാബു രാജ്യം വിട്ടതായും സിറ്റി പൊലീസ് കമ്മീഷണര്‍ പ്രതികരിച്ചു. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് വിജയ് ബാബു ദുബായിലേക്ക് കടന്നതെന്നന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഈ സാഹചര്യത്തിലാണ് വിജയ് ബാബുവിന് എതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. കേസില്‍ അറസ്റ്റ് അനിവാര്യമണെന്നും സി എച്ച് നാഗരാജു ചൂണ്ടിക്കാട്ടി.
അതിനിടെ, വിജയ് ബാബുവിന് എതിരെ ആരോപണം ഉന്നയിച്ച പരാതിക്കാരിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് കോടതിയില്‍ രേഖപ്പെടുത്തി. ലൈംഗികാതിക്രമത്തിന് പുറമേ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ കേസെടുത്തിട്ടുണ്ട്. പരാതിക്കാരിയല്ല, ഈ കേസില്‍ താനാണ് യഥാര്‍ത്ഥ ഇരയെന്ന വാദം ഉയര്‍ത്തിയാണ് വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തിയത്. സംഭവത്തില്‍ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തതോടെ ഫേസ്ബുക്കില്‍ പങ്കുവെച്ച ലൈവ് വീഡിയോ അദ്ദേഹം നീക്കി.
കോഴിക്കോട് സ്വദേശിയാണ് വിജയ് ബാബുവിനെതിരെ പരാതിയുമായി എത്തിയത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ലാറ്റില്‍ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് പരാതി. ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്.










Manna Matrimony.Com
Thalikettu.Com







