ഡി.വൈ.എഫ്.ഐ പതിനഞ്ചാം സംസ്ഥാന സമ്മേളനത്തിന് ഇന്ന് പത്തനംതിട്ടയില്‍ തുടക്കമാകും. പതാക, കൊടിമര ദീപശിഖാ ജാഥകള്‍ ഇന്ന് വൈകുന്നേരം ജില്ലാ ആസ്ഥാനത്തെത്തുന്നതോടെയാണ് സമ്മേളനത്തിന് തുടക്കം കുറിക്കുക. പൗരാവകാശ പ്രവര്‍ത്തക ടീസ്റ്റ സെറ്റില്‍ വാദിന്റെ അസൗകര്യത്തെ തുടര്‍ന്ന് ഇടതു ചിന്തകന്‍ സുനില്‍ പി ഇളയിടമാവും സമ്മേളനം ഉദ്ഘാടനം ചെയ്യുക. 519 പ്രതിനിധികളും 90 നിരീക്ഷകരും പങ്കെടുക്കുന്ന സമ്മേളനത്തില്‍ ട്രാന്‍സ്ജെന്‍ടര്‍, ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവരും പ്രതിനിധികളാണ്.
എന്നാല്‍ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും സംസ്ഥാന കമ്മറ്റി തെരഞ്ഞെടുപ്പുമാവും ഇത്തവണത്തെ സമ്മേളനത്തിനെ ശ്രദ്ധേയമാക്കുക. പാര്‍ട്ടിയിലും ബഹുജന സംഘടനകളിലും യുവത്വത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുക എന്നതാണ് കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി സിപിഎം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഡിവൈഎഫ്ഐയുടെ കാര്യത്തില്‍ ഇതു സംബന്ധിച്ച ഔദ്യോഗിക തീരുമാനങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല.
ഭാരവാഹികള്‍ക്കും കമ്മറ്റി അംഗങ്ങള്‍ക്കും 37 വയസാണ് ഡി.വൈ.എഫ്.ഐ നിലവില്‍ പരമാവധി പ്രായ പരിധി നിശ്ചയിച്ചിരിക്കുന്നത്. ബ്ലോക്ക് – ജില്ലാ സമ്മേളനങ്ങളില്‍ നടപ്പാക്കിയ മാനദണ്ഡങ്ങള്‍ സംസ്ഥാന സമ്മേളനത്തിലും ആവര്‍ത്തിക്കും. എന്നാല്‍ ചില പ്രത്യേക പരിഗണനകള്‍ നല്‍കി ഏതാനം പേരെ സംസ്ഥാന കമ്മറ്റിയില്‍ നിലനിര്‍ത്താനും സാധ്യതയുണ്ട്.
അതേസമയം പാര്‍ട്ടി നേതൃനിരയിലുള്ളവരും ജനപ്രതിനിധികളും സംഘടനയില്‍ തുടരേണ്ടതില്ലെന്നാണ് പൊതുവിലെ ധാരണ. ഇതനുസരിച്ച് മുപ്പത്തഞ്ചോളം സംസ്ഥാന കമ്മറ്റി അംഗങ്ങള്‍ ഒഴിവാകുമെന്നാണ് ഡി.വൈ.എഫ്.ഐ നേതാക്കള്‍ തന്നെ നല്‍കുന്ന സൂചന.










Manna Matrimony.Com
Thalikettu.Com







