സില്‍വര്‍ലൈന്‍ കല്ലിടലിനും ഇതിനെത്തുടര്‍ന്നുള്ള പൊലീസ് നടപടിക്കുമെതിരായ പ്രതിഷേധങ്ങള്‍ കടുക്കുന്നതിനിടെ ഇന്നും സര്‍വേ കല്ലിടല്‍ തുടരും. രാവിലെ 10 മണി മുതലാണ് ഉദ്യോഗസ്ഥര്‍ കല്ലിടല്‍ നടപടികള്‍ ആരംഭിക്കുക. ഉദ്യോഗസ്ഥരെ ഇന്നും തടയാന്‍ തന്നെയാണ് പ്രതിഷേധക്കാരുടെ തീരുമാനം. ഒരു ഇടവേളയ്ക്ക് ശേഷം ഇന്നലെയാണ് വീണ്ടും കല്ലിടല്‍ നടപടികള്‍ ആരംഭിച്ചിരുന്നത്.
ഇന്നലെ തിരുവനന്തപുരത്തും കണ്ണൂരിലുമാണ് കല്ലിടല്‍ പുനരാരംഭിച്ചിരുന്നത്. രണ്ടിടത്തും കടുത്ത ജനകീയ പ്രതിഷേധങ്ങള്‍ രൂപപ്പെടുകയും കോണ്‍ഗ്രസ് സമരം കടുപ്പിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം കണിയാപുരത്ത് പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് ബൂട്ടിട്ട് ചവുട്ടിയ സംഭവം ഇന്നലെ വിവാദമായി.
സില്‍വര്‍ ലൈന്‍ പ്രതിഷേധവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരെ തടയുകയും പൊലീസ് സംഭവത്തില്‍ ഇടപെടുകയും ചെയ്തു. ഇതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥനായ ഷബീര്‍ ബൂട്ടിട്ട് പ്രവര്‍ത്തകനെ ചവിട്ടിയത്. ഇത് വലിയ വിവാദമായിരുന്നു. ഇതിനു പിന്നാലെ റൂറല്‍ എസ്പി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ ഉദ്യോഗസ്ഥനെതിരെ ഇന്ന് നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
കണ്ണൂരിലും വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഇന്നലെയുണ്ടായത്. കല്ലിടലിനെതിരെ കണ്ണൂര്‍ ചാലയില്‍ വീണ്ടും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സില്‍വര്‍ ലൈന്‍ കല്ലുകള്‍ പിഴുതുമാറ്റി. പ്രവര്‍ത്തകരും പൊലീസ് ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും ഇവിടെയെത്തിയിരുന്നു.
നേരത്തെ തന്നെ ഇവിടെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയിരുന്നു. ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയതിനു ശേഷമാണ് ഇവിടെ കല്ല് സ്ഥാപിച്ചത്. ആ സര്‍വേക്കല്ലാണ് ഇപ്പോള്‍ പിഴുതുമാറ്റിയിരിക്കുന്നത്.
പിണറായി വിജയന്റെ ഏകാധിപത്യം ഉള്‍ക്കൊണ്ട് പോവില്ല എന്ന് കെ സുധാകരന്‍ പറഞ്ഞിരുന്നു. പിണറായി വിജയനു വീതം വച്ച് കിട്ടിയതല്ല കേരളം. ഇത് ജനങ്ങളുടെ ഭൂമിയാണ്. ഇത് പിണറായി വിജയന് ആരും തീറെഴുതിക്കൊടുത്തിട്ടില്ല. എവിടെ കുറ്റിയിട്ടാലും അത് പ്രബുദ്ധരായ ജനങ്ങള്‍ പിഴുതുമാറ്റുമെന്നും അദ്ദേഹം പറഞ്ഞു.










Manna Matrimony.Com
Thalikettu.Com






