ന്യൂഡൽഹി: നിർഭയ കേസിലെ നാലു പ്രതികളുടെ വധശിക്ഷ ശനിയാഴ്ച നടപ്പാക്കില്ല. മരണവാറന്റ് സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം ഡൽഹി കോടതി അംഗീകരിച്ചു. ഡൽഹി പട്യാല ഹൗസ് കോടതിയാണു മരണവാറന്റ് സ്റ്റേ ചെയ്ത് ഉത്തരവിറക്കിയത്. തിഹാർ ജയിൽ അധികൃതരുടെയും പ്രതികളുടെ അഭിഭാഷകന്റെയും വാദം കേട്ടശേഷം അഡീഷനൽ സെഷൻസ് ജഡ്ജി ധർമേന്ദർ റാണയാണു മരണവാറന്റ് സ്റ്റേ ചെയ്തത്.
ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ശിക്ഷ നടപ്പാക്കരുതെന്നും എല്ലാ പ്രതികളുടെയും ദയാഹർജി തള്ളി 14 ദിവസത്തിനു ശേഷമേ വധശിക്ഷ നടപ്പാക്കാനാകൂവെന്നും കോടതി നിർദേശിച്ചു.
പ്രതികളെ ഫെബ്രുവരി ഒന്നിനു തൂക്കിലേറ്റാൻ നേരത്തെ കോടതി വിധിച്ചിരുന്നു. വിധി നടപ്പിലാവാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണു കോടതിയുടെ നിർണായകമായ ഉത്തരവ്.
ഹർജിയിൽ ശനിയാഴ്ച ഉച്ചയ്ക്കു രണ്ടിന് ഉത്തരവ് പറയുമെന്നായിരുന്നു കോടതി അറിയിച്ചതെങ്കിലും അഞ്ചരയ്ക്കുശേഷമാണു വിധി വന്നത്.