സില്‍വര്‍ലൈന്‍ പദ്ധതിയുടെ പേരില്‍ നടക്കുന്ന സമരത്തിന് ബഹുജന പിന്തുണയില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ഇത് ഒറ്റപ്പെട്ട കേന്ദ്രങ്ങളില്‍ നടക്കുന്ന സമരമാണ്. സംസ്ഥാനത്തിന്റെ വികസന പദ്ധതിക്ക് തുരങ്കം വെക്കുന്ന നടപടിയാണ് പ്രതിപക്ഷം ചെയ്യുന്നത്. അതിന് ചില മാധ്യമങ്ങള്‍ പിന്തുണ നല്‍കി വസ്തുതകളെ വളച്ചൊടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും വിജയരാഘവന്‍ പറഞ്ഞു.
കോണ്‍ഗ്രസുകാരും ബിജെപിക്കാരും യോജിച്ച് നടത്തുന്ന സമരാഭാസമാണ് ഇപ്പോള്‍ നടക്കുന്നത്. സമരം നടത്തുന്ന നേതാക്കള്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെടില്ല. എന്നാല്‍ സാധാരണ ജനങ്ങള്‍ക്ക് കാര്യം ബോധ്യപ്പെടും. എം.പിമാര്‍ നടത്തിയ സമരം പരിഹാസ്യമായ സമരമാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് എതിരാണ് കേരളത്തിലെ എംപിമാര്‍ എന്ന സന്ദേശമാണ് ഇത് നല്‍കുന്നതെന്ന് വിജയരാഘവന്‍ പ്രതികരിച്ചു.
ആരുടെയും സ്ഥലം ഇപ്പോള്‍ എടുത്തിട്ടില്ല. ഇത് സംബന്ധിച്ച പ്രാഥമിക സര്‍വ്വേ മാത്രമാണ് നടക്കുന്നത്. റെയില്‍വേ ഇത് പോലെ എത്ര സര്‍വ്വേകള്‍ നടത്തിയിട്ടുണ്ടെന്നുംഅത് സാധാരണ നടപടിക്രമത്തിന്റെ തുടക്കം മാത്രമാണെന്നും വിജയരാഘവന്‍ ചൂണ്ടിക്കാട്ടി.
ഇപ്പോള്‍ കേരളത്തില്‍ പ്രഖ്യാപിച്ചത് ഇന്ന് വരെ രാജ്യത്ത് എവിടെയും കൊടുക്കാത്ത അത്രയും നഷ്ടപരിഹാരവും പുനരധിവാസ പാക്കേജുമാണ്. ഭൂമി നഷ്ടപ്പെടുന്നവരുമായി സര്‍ക്കാര്‍ ചര്‍ച്ചകളൊക്കെ കഴിഞ്ഞതിന് ശേഷമാണ് തീരുമാനം എടുക്കുക. അതിന് മുന്നേ സമരവുമായി വരുന്നത് ശരിയല്ലെന്നും വിജയരാഘവന്‍ പറഞ്ഞു.