ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമൂലമായ മാറ്റം കൊണ്ടുവരുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സര്‍വകലാശാലകള്‍ക്ക് 20 കോടി വീതം ആകെ 200 കോടി തുക നീക്കി വച്ചതായി പ്രഖ്യാപിച്ചു. സര്‍വകലാശാലകളില്‍ സ്റ്റാര്‍ട്ട് അപ് ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ക്ക് 20 കോടി രൂപയും സര്‍വകലാശാലകളില്‍ ഇന്റര്‍നാഷണല്‍ ഹോസ്റ്റല്‍ സൗകര്യവും ഏര്‍പ്പെടുത്തും.
മുഖ്യമന്ത്രിയുടെ നവകേരള ഫെലോഷിപ് 150 പേര്‍ക്ക്. 1750 ഹോസ്റ്റല്‍ മുറികളുടെ നവീകരണത്തിന് 100 കോടിയും ബജറ്റില്‍ അനുവദിച്ചു. തിരുവനന്തപുരത്ത് മെഡിക്കല്‍ ടെക് ഇന്നവേഷന്‍ പാര്‍ക്കിന് 150 കോടി. കേരള സര്‍വകലാശാലയില്‍ ഡേറ്റ സെന്റര്‍ സ്ഥാപിക്കാന്‍ 50 കോടി. മൈക്രോ ബയോളജി സെന്റര്‍ ഓഫ് എക്‌സലന്‍സ് സ്ഥാപിക്കാന്‍ 5 കോടി. ഭാവിയുടെ അല്‍ഭുതപദാര്‍ഥമായ ഗ്രാഫീനുമായി ബന്ധപ്പെട്ട ഗവേഷണത്തിന് 15 കോടിയും അനുവദിച്ചു.
എഞ്ചിനിയറിംഗ് കോളജുകള്‍, ആര്‍ട്ട്സ് കോളജുകള്‍, പോളി ടെക്നിക് എന്നിവയോട് ചേര്‍ന്ന ആധുനിക സാങ്കേതിക സൗകര്യങ്ങളോടെ ചെറിയ വ്യവസായ യൂണിറ്റുകള്‍ തുടങ്ങും. ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം സാമ്പത്തിക ഉത്പാദന പ്രക്രിയയില്‍ ഭാഗമാകാനും പരിശീലനം നേടാനും സാധിക്കും. കേരളത്തിലെ 14 ജില്ലകളിലും ഇത് ആരംഭിക്കാനുള്ള പൈലറ്റ് പദ്ധതി പ്രഖ്യാപിച്ചു. ഇതിനായി 25 കോടി രൂപ വകയിരുത്തി.
സംസ്ഥാനത്ത് ആയിരം കോടി രൂപ ചെലവില്‍ 4 സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കും. തിരുവനന്തപുരത്ത് ആഗോള ശാസ്‌ത്രോല്‍സവം സംഘടിപ്പിക്കാന്‍ 4 കോടി രൂപ.
ഐ.ടി. ഇടനാഴികളുടെ വിപുലീകരണം വേഗത്തിലാക്കുമെന്ന് ധനമന്ത്രി. എന്‍.എച്ച് 66 ന് സമാന്തരമായി നാല് ഐടി ഇടനാഴികള്‍ സ്ഥാപിക്കും. കണ്ണൂരില്‍ പുതിയ ഐടി പാര്‍ക്ക്, കൊല്ലത്ത് 5 ലക്ഷം ചതുരശ്ര അടി ഐടി പാര്‍ക്കും തുടങ്ങും. ഐടി അടിസ്ഥാന സൗകര്യ വികസനത്തിന് കിഫ്ബി വഴി 100 കോടി രൂപ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.










Manna Matrimony.Com
Thalikettu.Com







