ട്വന്റി ട്വന്റി ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു എം. ജേക്കബിന്റെ ആരോപണങ്ങള്‍ തള്ളി കുന്നത്തുനാട് എംഎല്‍എ പി.വി. ശ്രീനിജിന്‍. സാബുവിന്റെ ആരോപണങ്ങള്‍ വ്യാജമാണ്. ഇത്തരത്തില്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്ന സാബു എം.ജേക്കബിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും പി.വി. ശ്രീനിജിന്‍ പറഞ്ഞു.
സാബു ജേക്കബിന്റെ വിരട്ടലുകള്‍ കൊണ്ട് സിപിഐഎമ്മോ എംഎല്‍എയോ ഭയപ്പെടാന്‍ പോകുന്നില്ല. സാബു ജേക്കബ് പറഞ്ഞതു പോലെ എന്റെ കോള്‍ ലിസ്റ്റ് പൊലീസ് പരിശോധിക്കട്ടെ. കോള്‍ ലിസ്റ്റ് പൊലീസ് പരിശോധിച്ച് അതിന്റെ നിജസ്ഥിതി പൊതുജനങ്ങളെ കൂടി അറിയണമെന്ന് തനിക്ക് താല്‍പര്യമുണ്ട്. സാബു ജേക്കബ് ഇതുവരെ പറഞ്ഞു വരുന്ന കള്ളത്തരങ്ങള്‍ ഇതോടെ അവസാനിക്കട്ടെയെന്നും പി.വി. ശ്രീനിജിന്‍ പറഞ്ഞു.
ട്വന്റി ട്വന്റി പ്രവര്‍ത്തകന്റെ കൊലപാതകം ആസൂത്രിതമെന്നായിരുന്നു ട്വന്റി ട്വന്റി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം.ജേക്കബിന്റെ ആരോപണം. മുന്‍കൂട്ടി പതിയിരുന്ന സംഘമാണ് ദീപുവിനെ ആക്രമിച്ചത്. അദൃശ്യമായ സംഭവമല്ല നടന്നത്. പ്രതികള്‍ക്ക് എംഎല്‍എയുമായി അടുത്ത ബന്ധമാണുള്ളതെന്നും സാബു എം.ജേക്കബ് പറഞ്ഞു.
ദീപുവിന്റെ മരണകാരണം മാറ്റിയെഴുതാന്‍ എം.എല്‍.എ ശ്രമിക്കുന്നുവെന്നതടക്കം ഗുരുതര ആരോപണങ്ങള്‍ ബന്ധുക്കളും, ട്വന്റി ട്വന്റി ഭാരവാഹികളും ഉയര്‍ത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ബന്ധുക്കളുടെ ആവശ്യം കൂടെ പരിഗണിച്ചാണ് ദീപുവിന്റെ പോസ്റ്റുമോര്‍ട്ടം കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്താന്‍ തീരുമാനിച്ചത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കാവുങ്ങപറമ്പിലെ വീട്ടില്‍ എത്തിക്കുന്ന മൃതദേഹം വൈകീട്ട് 5 മണിയോടെ കാക്കനാട് അത്താണിയിലുള്ള പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും. സംഘര്‍ഷ സാധ്യത ഉള്ളതിനാല്‍ വലിയ പൊലീസ് സന്നാഹത്തിന്റെ സാന്നിധ്യത്തിലാകും സംസ്‌കാര ചടങ്ങുകള്‍.
അതേസമയം സംഭവത്തിലെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. വധശ്രമത്തിനായിരുന്നു നേരത്തെ കേസെടുത്തിരുന്നത്. റിമാന്‍ഡിലുള്ള നാല് പ്രതികള്‍ക്കെതിരെയാണ് കൊലക്കുറ്റം ചുത്തിയത്തിയത്.