സില്‍വര്‍ ലൈനിന് ഇപ്പോള്‍ അനുമതി നല്‍കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍. ഡിപിആര്‍ പൂര്‍ണമല്ലെന്ന് റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ പാര്‍ലമെന്റില്‍ പറഞ്ഞു.
പാരിസ്ഥിതിക പഠനം നടത്തിയിട്ടില്ല. സാങ്കേതികമായും സാമ്പത്തികമായും എങ്ങനെ ബാധിക്കുമെന്നതില്‍ വ്യക്തത ഇല്ല. സാമൂഹിക ആഘാത പഠനത്തിനുള്ള നടപടികള്‍ മാത്രമാണ് കേരള സര്‍ക്കാര്‍ സ്വീകരിച്ചതെന്നും റെയില്‍വെ മന്ത്രി അറിയിച്ചു. എന്‍ കെ പ്രേമചന്ദ്രന്റെയും കെ മുരളീധരന്റെയും ചോദ്യത്തിനാണ് റെയില്‍വെ മന്ത്രി മറുപടി നല്‍കിയത്.
‘സാങ്കേതികമായ പ്രായോഗികതയ്ക്ക് ആവശ്യമായ വിശദാംശങ്ങള്‍ ഡിപിആറില്‍ ലഭ്യമല്ല. അലൈന്‍മെന്റ് പ്ലാന്‍, റെയില്‍വേ- സ്വകാര്യ ഭൂമികളെ കുറിച്ചുള്ള വിശദാംശങ്ങള്‍, നിലവിലുള്ള റെയില്‍വേ ശൃഖലയ്ക്ക് മുകളിലുള്ള ക്രോസോവര്‍ തുടങ്ങിയവയില്‍ പൂര്‍ണ വിവരങ്ങള്‍ ആവശ്യമാണ്. സാങ്കേതിക മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം സാമ്പത്തിക ക്ഷമതയും പരിശോധിക്കപ്പെടേണ്ടതുണ്ട്’- മന്ത്രിയുടെ മറുപടിയില്‍ പറയുന്നു.
കാസര്‍കോട് മുതല്‍ കൊച്ചു വേളി വരെ 532 കി.മി നീളുന്ന സെമി ഹൈസ്പീഡ് റെയില്‍ ഇടനാഴിയാണ് സില്‍വര്‍ ലൈന്‍ പദ്ധതി. മണിക്കൂറില്‍ 200 കിലോ മീറ്റര്‍ വേഗതയില്‍ ട്രെയിനുകള്‍ ഓടിക്കാനാകും. അങ്ങനെ വന്നാല്‍ നാല് മണിക്കൂറില്‍ കുറഞ്ഞ സമയം കൊണ്ട് തിരുവനന്തപുരത്ത് നിന്നും കാസര്‍കോട് എത്താം.
തട്ടിക്കൂട്ടിയ ഡിപിആര്‍ ആണെന്ന് കേരളത്തിലെ യുഡിഎഫ് നേതാക്കള്‍ പറഞ്ഞത് കേന്ദ്ര സര്‍ക്കാര്‍ ശരിവെച്ചെന്ന് കെ മുരളീധരന്‍ എംപി പ്രതികരിച്ചു. എന്നാല്‍ സില്‍വര്‍ ലൈനിന് ഒരിക്കലും അനുമതി കിട്ടില്ലെന്ന് അര്‍ഥമില്ലെന്ന് എംഎം ആരിഫ് എംപി പ്രതികരിച്ചു.










Manna Matrimony.Com
Thalikettu.Com







