നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള പ്രതികളെ ചോദ്യം ചെയ്യാന്‍ അനുമതി തേടി അന്വേഷണ സംഘം ഉടന്‍ കോടതിയെ സമീപിക്കും. ഒന്നാം പ്രതി പള്‍സര്‍ സുനിയെയും വിജീഷിനെയുമാണ് ചോദ്യം ചെയ്യുക. ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷമാകും ഇത്. പള്‍സര്‍ സുനിയുമായി ദിലീപിനുള്ള ബന്ധവും നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്ന ആരോപണവും കേന്ദ്രീകരിച്ച് തുടരന്വേഷണം നടത്താനാണ് തീരുമാനം.
നിലവില്‍ രണ്ടു തവണ അന്വേഷണ സംഘം സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയെടുത്തു. ബുധനാഴ്ച ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി കോടതിയും രേഖപ്പെടുത്തും. പള്‍സര്‍ സുനിക്കൊപ്പം ചോദ്യം ചെയ്യുന്ന വി.പി വിജീഷ് ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യാമാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ എത്തിച്ചയാളാണ്. ഇവരെ ചോദ്യം ചെയ്തതിന് ശേഷമാകും ദിലീപിനെ ചോദ്യം ചെയ്യുക.
ഈ മാസം 20 ന് മുമ്പ് തുടരന്വേഷണ റിപ്പോര്‍ട്ട് കൈമാറാനാണ് വിചാരണക്കോടതി നിര്‍ദേശം. ഇതനുസരിച്ച് കാര്യങ്ങള്‍ വേഗത്തിലാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഫെബ്രുവരി 16 ന് മുമ്പ് വിചാരണ അവസാനിപ്പിച്ച് കേസില്‍ വിധി പറയണമെന്ന് സുപ്രീം കോടതി നിര്‍ദേശമുള്ളതിനാലാണ് ഉടന്‍ തുടരന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ വിചാരണക്കോടതി ആവശ്യപ്പെട്ടത്.
അതേസമയം, തുടരന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ വിചാരണ ആറു മാസം കൂടി നീട്ടണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതിയുടെ പരിഗണനയിലാണ്.










Manna Matrimony.Com
Thalikettu.Com







