ആലപ്പുഴ: ദേശീയ പണിമുടക്ക് ദിനത്തില്‍ നൊബേല്‍ ജേതാവ് മൈക്കിള്‍ ലവിറ്റും സംഘവും സഞ്ചരിച്ച ഹൗസ് ബോട്ട് തടഞ്ഞ സംഭവത്തില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുള്‍പ്പടെ നാല് സിഐടിയു പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കൈനകരി ആര്‍ ബ്ലോക്ക് സ്വദേശികളാണ് അറസ്റ്റിലായത്. അതേസമയം, ഹൗസ് ബോട്ട് തടഞ്ഞ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് സിപിഐഎം ജില്ലാനേതൃത്വം രംഗത്തെത്തി. പ്രതികളായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാകുമെന്നും സിപിഐഎം ജില്ലസെക്രട്ടറി ആര്‍ നാസര്‍ പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായി എത്തിയ മൈക്കിള്‍ ലവിറ്റിനേയും ഭാര്യയേയും പണിമുടക്ക് ദിവസം കായലില്‍ തടഞ്ഞിട്ട സംഭവം കേരളത്തിനും സര്‍ക്കാരിനും വലിയ നാണക്കേട് വരുത്തിവച്ചിരുന്നു. സംഭവം ദേശീയ തലത്തില്‍ സംഭവം ചര്‍ച്ചയും വിവാദവുമായതോടെ കര്‍ശന നടപടിയുമായി സര്‍ക്കാര്‍ രംഗത്തെത്തുകയായിരുന്നു. സിപിഐഎം ആര്‍ ബ്ലോക്ക് ബ്രാഞ്ച് സെക്രട്ടറി ജോളി, മുന്‍ ബ്രാഞ്ച് സെക്രട്ടറി സാബു, കെഎസ്‌കെടിയു കണ്‍വീനര്‍ സുധീര്‍, സിഐടിയു നേതാവ് അജികുമാര്‍ എന്നിവരെയാണ് പുളിക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തിയതടക്കം നാല് വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, ഹൗസ് ബോട്ട് തടഞ്ഞ സംഭവത്തില്‍ മൈക്കിള്‍ ലവിറ്റ് പരാതിയില്ലെന്നറിയിച്ചതോടെ പ്രതികള്‍ക്കെതിരെ കൂടുതല്‍ നിയമ നടപടികള്‍ ഉണ്ടാകില്ല എന്നാണ് സൂചന.