തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ 24 മണിക്കൂർ പൊതുപണിമുടക്ക് ഇന്ന് അർധരാത്രി മുതൽ നാളെ രാത്രി 12 വരെ. കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുമെന്നു സമിതിക്കു നേതൃത്വം നൽകുന്ന സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീമും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരനും പറഞ്ഞു. ആരെയും നിർബന്ധിക്കില്ല. ശബരിമല തീർഥാടകരെ ബാധിക്കില്ല.
സിഐടിയു, ഐഎൻടിയുടിസി, എഐടിയുസി, എസ്ടിയു, എച്ച്എംഎസ്, യുടിയുസി, എഐസിടിയു, എഐയുടിയുസി, സേവ, ടിയുസിഐ, ടിയുസിസി, കെടിയുസി, കെടിയുസി(ജെ), കെടിയുസി(എം), ഐഎൻഎൽസി, എൻഎൽസി, എൻഎൽഒഒ, എച്ച്എംകെപി, ജെടിയു സംഘടനകളാണു കേരളത്തിൽ പണിമുടക്കിനു നേതൃത്വം നൽകുന്നത്. രാജ്യവ്യാപകമായി 25 കോടി ആളുകൾ സമരത്തിൽ പങ്കെടുക്കുമെന്ന് നേതാക്കൾ ഡൽഹിയിൽ അറിയിച്ചു.
പരീക്ഷകൾ മാറ്റി
കേരള, എംജി, കണ്ണൂർ സർവകലാശാലകൾ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. കാലടി, കാലിക്കറ്റ് സർവകലാശാലകളിൽ നാളെ പരീക്ഷ നിശ്ചയിച്ചിരുന്നില്ല.