കൊച്ചി: ഒത്തു തീര്‍പ്പു വ്യവസ്ഥകള്‍ ലംഘിച്ച് 166 ജീവനക്കാരെ കൂട്ടത്തോടെ സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടതിനെതിരെ സി ഐ ടി യുവിന്റെ നേതൃത്വത്തില്‍ മുത്തൂറ്റ് ഫിനാന്‍സില്‍ വീണ്ടും പണിമുടക്ക് സമരം. ഡിസംബര്‍ ഏഴിനാണ് 166 ജീവനക്കാരെ യതൊരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിട്ടത്.എതാനും നാളുകള്‍ക്ക് മുമ്പ് നടന്ന 52 ദിവസത്തെ പണിമുടക്കിനെ തുടര്‍ന്ന് ഹൈക്കോടതി നിരീക്ഷകന്റെയും തൊഴില്‍വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെയും സി ഐ ടി യുവിന്റെ നേതാക്കളുടെയും സാന്നിധ്യത്തില്‍ ഒപ്പുവെച്ച കരാറിലെ മഷിയുണങ്ങും മുമ്പാണ് മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാരെ കമ്പനിയില്‍ നിന്നും പിരിച്ചിവിട്ടുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്.
പിരിച്ചു വിട്ട ജീവനക്കാരുടെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്നാഴ്ചയായി കമ്പനിയുടെ ഹെഡ് ഓഫിസിനു മുന്നില്‍ സത്യാഗ്രഹം നടത്തിവരികയാണ്.വിഷയം പരിഹരിക്കാന്‍ സംസ്ഥാന ലേബര്‍ കമ്മീഷണര്‍ രണ്ടു തവണ ചര്‍ച്ചയക്ക് വിളിച്ചുവെങ്കിലും മാനേജ്മെന്റ് പങ്കെടുത്തില്ല. തുടര്‍ന്ന് തൊഴില്‍ വകുപ്പ് മന്ത്രി ഇടപെട്ട് ഡിസംബര്‍ 31 ന് ചര്‍ച്ചയക്ക് വിളിച്ചുവെങ്കിലും അത് പരാജയപ്പെടുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. ഇതേ തുടര്‍ന്നാണ് ജനുവരി രണ്ടു മുതല്‍ അനിശ്ചിത കാല പണിമുടക്ക് ആരംഭിച്ചതെന്നും ഇവര്‍ പറഞ്ഞു. ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് മുത്തൂറ്റിലെ യൂനിയെ തകര്‍ക്കുകയെന്നതാണ് ഇവരുടെ ലക്ഷ്യമെന്നും ഏകപക്ഷീയമായ മാനേജ്മെന്റ് നിലപാട് അംഗീകരിക്കില്ലെന്നും ഇവര്‍ പറഞ്ഞു.
എന്നാൽ മുത്തൂറ്റിനെതിരെയുള്ള യൂണിയന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ശാഖകള്‍ ലാഭകരമല്ലാത്തതിനാല്‍ പൂട്ടുകയാണെന്നും, അതിനാലാണ് പിരിച്ചുവിടുന്നതെന്നുമാണ് മുത്തൂറ്റ് ഗ്രൂപ്പിന്റെ വാദം.










Manna Matrimony.Com
Thalikettu.Com






