കൂത്താട്ടുകുളം : തിരുമാറാടി എടപ്ര കവലയിൽ മത്സരഓട്ടത്തിനിടെ സ്വകാര്യബസ് കയറിയിറങ്ങി വീട്ടമ്മയുടെ വലതുകൈ ചതഞ്ഞരഞ്ഞു. രാമമംഗലം കിഴുമുറി ഇറുമ്പിൽ ഇ. ആർ. ശശിയുടെ ഭാര്യ ഇന്ദിര (47) ആണ് ഇന്നു രാവിലെ ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ അപകടത്തിൽപ്പെട്ടത്.
സ്റ്റോപ്പിൽ നിർത്തി ആളെ ഇറക്കുകയായിരുന്ന കെഎസ്ആർടിസി ബസിനെ മറികടക്കുകയായിരുന്ന സ്കൂട്ടറിൽ, മത്സരിച്ച് ഓടി എത്തിയ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ബസിനടിയിൽ കുടുങ്ങി കുറേദൂരം വലിച്ചിഴച്ച ശേഷം ആണ് ബസ്നിന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
കൈപ്പത്തിക്കും തോളിനും ഇടയിലൂടെയാണ് ബസിന്റെ ചക്രം കയറിയിറങ്ങിയത്. സ്കൂട്ടർ ഓടിച്ചിരുന്ന ശശി (50) ചെറിയ പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇരുവരെയും കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അപകടമുണ്ടാക്കിയ ജീസസ് എന്ന സ്വകാര്യ ബസ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബസ് ഡ്രൈവർക്കെതിരെ നടപടിയുണ്ടായേക്കും.










Manna Matrimony.Com
Thalikettu.Com







