കൊച്ചി: അച്ഛനും അമ്മയും മരിച്ചുപോയ ജയകൃഷ്ണന് ഇന്ന് ഈ ലോകത്ത് ഏറ്റവും കൂടുതൽ സ്നേഹം കോട്ടയംകാരി സീതയോടാണ്. പാലക്കാട്ടുകാരൻ ജയകൃഷ്ണന് വൃക്ക നൽകി കൊണ്ടാണ് കോട്ടയംകാരി സീതാ തമ്പി മാതൃകയായിരിക്കുന്നതു . ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ട ജയകൃഷ്ണനെ കൂട്ടിക്കൊണ്ടു പോകാനും ആശുപത്രിയിൽ എത്തിയത് സീതയായിരുന്നു.
വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ദാതാവിനെ അന്വേഷിച്ചെങ്കിലും ഫലം കണ്ടില്ല. അപ്പോഴാണു ട്രസ്റ്റിന്റെ അഡ്‌മിൻ പാനൽ അംഗമായ കോട്ടയം തിരുവഞ്ചൂർ നീറിക്കാട് പുത്തൻപടിക്കൽ സീതാ തമ്പിയെ എന്ന 47കാരി സീത വൃക്ക നൽകാൻ സന്നദ്ധയായത്. ഭർത്താവ് ദിലീപ് കെ. തമ്പിയും, മക്കളായ കശ്മീരയും കാവേരിയും പൂർണ പിന്തുണ നൽകി.
എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായ പാലക്കാട് കോട്ടായി വാവുള്ളിയാൽ പള്ളത്തുപുരയിലെ ജയകൃഷ്ണൻ എന്ന 18കാരൻ ഇന്നലെ ആശുപത്രി വിട്ടു.
ഡിസംബർ 8ന് തന്റെ 23ാം വിവാഹവാർഷിക ദിനത്തിൽ ജയകൃഷ്ണനു വൃക്ക നൽകാനായി ആശുപത്രിയിലായിരുന്നു സീത. 10നു ശസ്ത്രക്രിയ നടത്തി. കുറച്ചു ദിവസങ്ങൾക്കു ശേഷം സീത ആശുപത്രി വിട്ടു. ഇന്നലെ ജയകൃഷ്ണനെ ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്യുമ്പോൾ കൈകളിൽ ചേർത്തു പിടിച്ചു കൊണ്ടുപോകാൻ സീതയുണ്ടായിരുന്നു.
കോട്ടായി ജിഎച്ച്എസ്എസിൽ പ്ലസ് വൺ വിദ്യാർത്ഥിയാകാനുള്ള ആഗ്രഹത്തിലാണു ജയകൃഷ്ണൻ. തുടർ ചികിത്സകൾ ആവശ്യമായതിനാൽ കുറച്ചു കാലം കൂടി കൊച്ചിയിൽ.