കോട്ടയം: കോട്ടയത്തുകാർക്ക് കുറഞ്ഞ ചിലവിൽ സായാഹ്നങ്ങൾ ആർഭാടകരമാക്കാൻ സൗകര്യം ഒരുങ്ങി. വർഷങ്ങളോളമായി അറ്റകുറ്റപണികൾക്കായി അടച്ചിട്ടിരുന്ന നാഗമ്പടത്തെ നഗരസഭ ജൂബിലി പാർക്കായ നെഹ്റു പാർക്കാണ് കുട്ടികളെ ആകർഷിക്കുന്നത്.
എല്ലാ ദിവസവും വൈകിട്ട് നാലു മുതൽ രാത്രി എട്ടു വരെയാണ് പാർക്കിൽ ഫീസ് ഈടാക്കി പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഫീസ് വെറും പത്ത് രൂപ മാത്രമേ ഉള്ളൂ . അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾക്ക് നഗരസഭയുടെ നെഹ്റു പാർക്കിൽ പ്രവേശനം സൗജന്യമാണ്. അഞ്ചിനു മുകളിൽ പ്രായമുള്ള കുട്ടികൾക്ക് പത്തു രൂപയും, മുതിർന്നവർക്ക് ഇരുപത് രൂപയുമാണ് പാർക്കിലെ ഫീസ്.
2 കോടി രൂപ ചിലവിട്ടാണ് പാർക്ക് നവീകരിച്ചിരിക്കുന്നത്. കുട്ടികൾക്കുള്ള വിനോദോപാധികൾ, നടപ്പാത, പുൽത്തകിടി, ശുചിമുറികൾ, വൈദ്യുതി വിളക്കുകൾ എന്നിവയും പാർക്കിൽ ക്രമീകരിച്ചിട്ടുണ്ട്.
പ്രശസ്ത ശിൽപ്പി കെ.എസ്. രാധാകൃഷ്ണൻ നിർമിച്ച മൂന്നു കോടി രൂപ വില വരുന്ന ശില്പങ്ങൾ പാർക്കിലുണ്ട്. ഇത് സൗജന്യമായാണ് അദ്ദേഹം നിർമ്മിച്ച് നൽകിയത്. പുതുവർഷത്തിന്റെ ഭാഗമായി ഏഴു ദിവസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിവലാണ് സംഘടിപ്പിച്ചിരിക്കുന്നത്. സ്കൂൾ കലോത്സവത്തിൽ സമ്മാനങ്ങൾ നേടിയ കുട്ടികളുടെ കലാപ്രകടനങ്ങൾ ഇവിടെ നടക്കും.പാർക്ക് നവീകരണത്തിനായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എല്ലാ സഹായവും ചെയ്തു നൽകി.