കോട്ടയം: ഹെൽമറ്റില്ലാതെ ബൈക്കിന്റെ പിൻസീറ്റിലിരുന്ന് സാഹസികമായി യാത്ര ചെയ്ത നായ ‘ മോട്ടോർ വാഹന വകുപ്പിന്റെ’ ക്യാമറയിൽ കുടുങ്ങി. ഹെൽമറ്റ് ധരിക്കാതെ അപകടകരമായി യാത്ര ചെയ്തതിന് പിഴയടയ്ക്കാനും, കാരണം കാണിക്കാനും വാഹന ഉടമയ്ക്കും, നായക്കും മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസും ലഭിച്ചു.
ഡിസംബർ 27 വെള്ളിയാഴ്ച ഉച്ചയ്ക്ക് 11.40 ന് കെകെ റോഡിലായിരുന്നു നായയുടെ സാഹസികയാത്ര. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് സംഘം കെ.കെ റോഡിൽ വാഹന പരിശോധനയ്ക്കായി സഞ്ചരിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ബൈക്കിൽ അപകടകരമായ രീതിയിൽ സഞ്ചരിക്കുന്ന നായയും ഉടമസ്ഥനും മുന്നിൽപ്പെട്ടത്.
നായയെ പിന്നിൽ നിർത്തിയായിരുന്നു ഉടമയുടെ ബൈക്ക് യാത്ര. ഉടമ ഹെൽമറ്റ് ധരിച്ചിരുന്നുമില്ല. ഇത് കണ്ട മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ നായയുടെയും ഉടമയുടെയും അപകടയാത്ര ഉടൻ തന്നെ ക്യാമറയിൽ പകർത്തി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. അപകടകരമായ രീതിയിൽ വളർത്തുമൃഗത്തെ ഇരുചക്ര വാഹനത്തിൽ കൊണ്ടു പോയതിനും, ഹെൽമറ്റ് ധരിക്കാത്തിനും പിഴ അടയ്ക്കണമെന്നും ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പ് ഉടമയ്ക്കു നോട്ടീസ് അയച്ചിട്ടുണ്ട്.
നോട്ടീസ് ലഭിച്ച് ഏഴു ദിവസത്തിനകം പിഴ അടയ്ക്കുകയോ, നേരിട്ട് ഹാജരായി വിശദീകരണം നൽകുകയോ ചെയ്യണമെന്നാണ് നിർദേശം.
ഇതിനിടെ , ഹെൽമെറ്റില്ലാത്ത പിൻസീറ്റ് യാത്രക്കാരെ കയറ്റി ഇരുചക്ര വാഹനം ഓടിക്കുന്നവർക്കെതിരെയുള്ള നടപടി തുടർന്നുകൊണ്ടിരിക്കുകയാണെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. ക്യാമറയിൽ ചിത്രം രഹസ്യമായി പകർത്തുന്നുണ്ട്.