മുംബൈ: മഹാമാരിയുടെ രണ്ടാം തരംഗം ശക്തിയാർജിച്ചതോടെ കൊവിഡ് കേസുകൾ പിടിവിട്ടുയർന്നതിനാൽ മഹാരാഷ്ട്രയിൽ നിന്നും പുറത്തുവരുന്നത് ഹൃദയം നുറുക്കുന്ന കാഴ്ച്ചകൾ.
കൊവിഡ് മഹാമാരി ഏറ്റവും രൂക്ഷതയിൽ ആഞ്ഞടിച്ച സംസ്ഥാനമായ മഹാരാഷ്ട്രയിൽ മരണനിരക്കും കുതിച്ചുയർന്നതോടെ മൃതദേഹങ്ങൾ കൊണ്ടുപോകുന്ന ആംബുലൻസുകൾക്കും കടുത്ത ക്ഷാമമാണ്.
ഒരു ആംബുലൻസിൽ പ്ലാസ്റ്റിക്ക് ബാഗുകളിൽ പൊതിഞ്ഞ നിലയിൽ 22 മൃതദേഹങ്ങൾ കുത്തിനിറച്ചുകൊണ്ടുപോകുന്ന കാഴ്ച്ച രാജ്യത്തെ വിറങ്ങലിപ്പിക്കുന്നതാണ്.
മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ അംബജോഗൈയിലെ സ്വാമി രാമാനന്ദ് തീർഥ് മറാത്തവാഡ സർക്കാർ മെഡിക്കൽ കോളെജിൽ നിന്നും 22 പേരുടെ മൃതദേഹങ്ങൾ കുത്തിനിറച്ചുകൊണ്ടുപോകുന്ന ഫോട്ടോയാണ് സംസ്ഥാനത്തെ കൊവിഡ് ഭീകരതയുടെ നേർക്കാഴ്ച്ചയായത്. മരിച്ചവരുടെ ബന്ധുക്കൾ പകർത്തിയ ചിത്രങ്ങൾ ചിലർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം വിവാദമാകുന്നത്. സംഭവസ്ഥലത്ത് പൊലീസ് ഉദ്യേഗസ്ഥരും ആശുപത്രി അധികൃതരും സന്നിഹിതരായിരുന്നെങ്കിലും ആംബുലൻസിൽ മൃതദേഹങ്ങൾ കുത്തിനിറച്ച് കൊണ്ടുപോകുന്നതിനെതിരെ ആരും പ്രതികരിച്ചില്ലെന്നാണ് ചിത്രം പുറത്തുവിട്ടുകൊണ്ട് മരിച്ചവരുടെ ബന്ധുക്കൾ ആരോപിക്കുന്നത്.
ഇതിനിടെ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3.2 ലക്ഷമായി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രോഗബാധയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അവധി ദിനമായതിനാൽ ടെസ്റ്റിംഗ് കുറഞ്ഞതു കൊണ്ടാകാം എണ്ണവും കുറഞ്ഞതെന്നാണ് വിലയിരുത്തൽ.










Manna Matrimony.Com
Thalikettu.Com





