സിപിഐഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എം വി ഗോവിന്ദനെ സന്ദര്‍ശിച്ച് കുഞ്ചാക്കോ ബോബനും നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിളയും.കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രം ‘ന്നാ താന്‍ കേസ് കോടി’ന്റെ നിര്‍മ്മാതാവായ സന്തോഷ് ടി കുരുവിള ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
കലയും പ്രത്യയശാസ്ത്രവും സൗഹൃദത്തിന്റെ നിത്യ ഹരിത ധാരകളാണെന്നും ആ സൗഹൃദത്തിന്റെ ഊഷ്മളത അനുഭവിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഒരു കുറിപ്പിന് ഒപ്പമാണ് എം വി ഗോവിന്ദന് മാസ്റ്ററെ സന്ദര്‍ശിച്ച തന്റെയും കുഞ്ചാക്കോ ബോബന്റെയും ചിത്രങ്ങള്‍ സന്തോഷ് ടി കുരുവിള പങ്കുവച്ചത്.
സന്തോഷ് ടി കുരുവിള ചിത്രങ്ങള്‍ പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.- “സി.പി.എം സംസ്ഥാന സെക്രട്ടറിയായി ചുമതല ഏറ്റെടുത്ത സഖാവ് എം.വി ഗോവിന്ദന് മാഷിനും പത്നി ശ്രീമതി പി.കെ ശ്യാമളയ്ക്കുമൊപ്പം അല്‍പ്പനേരം! ഞാന്‍ ഏറെ ബഹുമാനിയ്ക്കുകയും ആദരിയ്ക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതൃത്വം !
എന്നിലെ പഴയ വിദ്യാര്‍ത്ഥി പ്രസ്ഥാന പ്രവര്ത്തകന് ഏറെ പ്രതീക്ഷയും സന്തോഷവും നല്കുന്ന സ്ഥാനാരോഹണമാണിത് .കലയും പ്രത്യയശാസ്ത്രവും പരസ്പര്യത്തിന്റെ , സൗഹൃദത്തിന്റെ നിത്യ ഹരിത ധാരകളാണ്.
ഞാനും പ്രിയ നടന് കുഞ്ചാക്കോ ബോബനും ആ സൗഹൃദത്തിന്റെ ഊഷ്മളത അനുഭവിച്ചറിഞ്ഞു. സ്നേഹാദരങ്ങളോടെ”-എന്നാണ് സന്തോഷ് ടി കുരുവിള കുറിച്ചത്.
കഴിഞ്ഞ ദിവസമാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയായി മന്ത്രി എം വി ഗോവിന്ദന് തെരഞ്ഞെടുക്കപ്പെട്ടത്. അനാരോഗ്യം മൂലം കോടിയേരി ബാലകൃഷ്ണന് മാറിയതിനെ തുടര്‍ന്നാണ് സംസ്ഥാന കമ്മിറ്റി യോഗം എം വി ഗോവിന്ദനെ തെരഞ്ഞെടുത്തത്.