ഫുട്ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു. 60 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് താരം മരണമടഞ്ഞു എന്ന് അര്‍ജന്റൈന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് ആഴ്ചകള്‍ക്കു മുന്‍പ് ഒരു സുപ്രധാന ബ്രെയിന്‍ സര്‍ജറി കഴിഞ്ഞ് താരം വീട്ടിലേക്ക് മടങ്ങിയിരുന്നു.
അറുപതാം പിറന്നാള്‍ ആഘോഷിച്ച് ഒരുമാസം തികയും മുന്‍പാണ് മറഡോണയുടെ വിയോഗം. ബ്യൂണസ് അയേഴ്സിലെ തെരുവുകളില്‍നിന്ന് ഫുട്ബോള്‍ ലോകത്തിലെ കിരീടം വയ്ക്കാത്ത രാജാവെന്ന സ്ഥാനത്തെത്തിയ അര്‍ജന്റീനയുടെ ഇതിഹാസതാരമാണ് ഡിയേഗോ മറഡോണ.
1986ല്‍ മറഡോണയുടെ പ്രതിഭയിലേറി ശരാശരിക്കാരായ കളിക്കാരുടെ നിരയായ അര്‍ജന്റീന ലോകചാമ്പ്യന്‍മാരായി. സെമിയില്‍ ഇംഗ്ലണ്ടിനെതിരെ ‘ദൈവത്തിന്റെ കൈ’ എന്നറിയപ്പെടുന്ന വിവാദഗോളടക്കമുളള രണ്ടു ഗോളുകള്‍ ലോകപ്രശസ്തമാണ്. ആറ് ഇംഗ്ലിഷ് താരങ്ങളെ വെട്ടിച്ച് 60 മീറ്റര്‍ ഓടിക്കയറി നേടിയ രണ്ടാം ഗോള്‍ ‘നൂറ്റാണ്ടിന്റെ ഗോള്‍’ എന്നു പിന്നീടു വിശേഷിപ്പിക്കപ്പെട്ടു. വിവാദപ്രസ്താവനകളും മയക്കുമരുന്നിന് അടിപ്പെട്ട ജീവിതവും അര്‍ജന്റീനയുടെ ആരാധകനായി ഗാലറിയില്‍ നിറഞ്ഞുമെല്ലാം മറഡോണ എക്കാലവും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു.
അര്‍ജന്റീനയിലെ ബ്യൂനസ് ഐറിസിന്റെ പ്രാന്തപ്രദേശത്തുളള ലാനസി(Lanus)ല്‍ 1960 ഒക്ടോബര്‍ 30ന് ആയിരുന്നു മറഡോണയുടെ ജനനം. നഗ്‌നപാദനായി പന്തുതട്ടിയും ദാരിദ്ര്യത്തോടു പൊരുതിയുമാണ് മറഡോണ വളര്‍ന്നത്. പതിനാറാം വയസ്സില്‍ 1977 ഫെബ്രുവരി 27നു ഹംഗറിക്കെതിരായ മല്‍സരത്തോടെ രാജ്യാന്തര അരങ്ങേറ്റം. കുറിയവനെങ്കിലും മിഡ്ഫീല്‍ഡിലെ കരുത്തുറ്റ താരമായി മാറഡോണ മാറി. 1978ല്‍ അര്‍ജന്റീനയെ യൂത്ത് ലോകകപ്പ് ജേതാക്കളാക്കുമ്പോള്‍ മറഡോണയായിരുന്നു നായകന്‍. 1979ലും 80ലും സൗത്ത് അമേരിക്കന്‍ പ്ലെയര്‍ ഓഫ് ദി ഇയര്‍ ബഹുമതി. 1982 ല്‍ ലോകകപ്പില്‍ അരങ്ങേറ്റം. നാലു ലോകകപ്പ് കളിച്ചു. 1986ല്‍ അര്‍ജന്റീനയെ മറഡോണ ഏറെക്കുറെ ഒറ്റയ്ക്ക് ലോകചാംപ്യന്‍ പട്ടത്തിലേക്കു നയിച്ചു. ആ ലോകകപ്പില്‍ മികച്ച താരത്തിനുള്ള ഫിഫയുടെ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരവും നേടി.
1994ല്‍ രണ്ടു മല്‍സരങ്ങള്‍ കളിച്ചതിനു പിന്നാലെ ഉത്തേജകമരുന്നു പരിശോധനയില്‍ പിടിക്കപ്പെട്ടു പുറത്തായി. നാലു ലോകകപ്പുകളില്‍ പങ്കെടുത്ത (1982, 86, 90, 94)മാറഡോണ അര്‍ജന്റീനയ്ക്കുവേണ്ടി 91 രാജ്യാന്തര മത്സരങ്ങള്‍ കളിച്ചു, ഇതില്‍നിന്ന് 34 ഗോളുകള്‍. 2010 ലോകകപ്പില്‍ അര്‍ജന്റീനയുടെ മുഖ്യപരിശീലകനായി. മെക്‌സിക്കോയിലെ രണ്ടാം ഡിവിഷന്‍ ക്ലബ് ഡൊറാഡോസ് ഡി സിനാലോവയുടെ പരിശീലകനാണിപ്പോള്‍ മറഡോണ.










Manna Matrimony.Com
Thalikettu.Com







