പ്രളയദുരിതാശ്വാസമായി രാഹുല്‍ ഗാന്ധി വിതരണത്തിന് എത്തിച്ച ഇരുനൂറോളം ഭക്ഷ്യക്കിറ്റുകള്‍ പൂത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിഷേധമുയര്‍ത്തി എല്‍.ഡി.എഫ്. പി.വി.അന്‍വര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഭക്ഷ്യകിറ്റുകള്‍ സൂക്ഷിച്ച കെട്ടിടത്തിന് മുന്പില് ഇന്ന് രാവിലെ 10 പ്രതിഷേധിച്ചു.
കോണ്‍ഗ്രസ് നിലമ്പൂര്‍ മുനിസിപ്പില്‍ കമ്മിറ്റിക്ക് നല്കിയ ഭക്ഷ്യധാന്യങ്ങളാണ് നിലമ്പൂര്‍ പഴയ നഗരസഭാ ഓഫീസിന് മുമ്പിലെ വാടക കെട്ടിടത്തില്‍ കെട്ടിക്കിടന്ന് നശിച്ചത്. ഇരുനൂറോളം കിറ്റുകളാണ് വിതരണം ചെയ്യാതെ പൂത്തു നശിച്ചത്. വിവരം പുറത്തു വന്നതോടെ ഇന്നലെ രാത്രി സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നിലമ്പൂരില്‍ റോഡ് ഉപരോധിച്ചു.
പ്രളയദുരിതാശ്വാസമായി ലഭിച്ച വസ്തുക്കള്‍ സൂക്ഷിച്ച കടമുറി വാടകയ്ക്ക് എടുക്കാന്‍ വന്നയാള്‍ ഷട്ടര്‍ തുറന്നു നോക്കിയപ്പോഴാണ് സംഭവമറിയുന്നത്. ടണ്‍ കണക്കിന് ഭക്ഷ്യധാന്യങ്ങളും പുതപ്പ്, വസ്ത്രങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയുമാണ് നശിച്ച നിലയില്‍ കണ്ടെത്തിയത്. ഭക്ഷ്യധാന്യങ്ങള്‍ പുഴുവരിച്ച നിലയിലായിരുന്നു. സംഭവം പുറം ലോകമറിഞ്ഞതോടെ കഴിഞ്ഞദിവസം രാത്രി തന്നെ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെത്തി കടമുറിയുടെ പൂട്ട് പൊളിച്ച് അകത്ത് കടന്നു. ശേഷം നിലമ്പൂരിലെ സി.എന്‍.ജി റോഡ് ഉപരോധിച്ചു. കോണ്‍ഗ്രസ് നേതൃത്വം മാപ്പ് പറയണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
വയനാട് ലോക്സഭാ മണ്ഡലത്തിലാകെ 50 ടണ്ണോളം വരുന്ന ഭക്ഷ്യധാന്യങ്ങളാണ് രാഹുല്‍ ഗാന്ധി വിതരണം ചെയ്യാന്‍ വിവിധ കോണ്‍ഗ്രസ് മണ്ഡല കമ്മിറ്റികളെ ഏല്‍പ്പിച്ചിരുന്നത്. രാഹുല്‍ ഗാന്ധി എം.പിയുടെ കിറ്റുകള്‍ക്ക് പുറമേ മറ്റു ജില്ലകളില്‍ നിന്നുള്ള അവശ്യവസ്തുക്കളും കടമുറിയില്‍ കെട്ടിക്കിടപ്പുണ്ടെന്നാണ് ആരോപണം. എന്നാല്‍ സംഭവം ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.










Manna Matrimony.Com
Thalikettu.Com







