സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക നീക്കവുമായി കസ്റ്റംസ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനേയും സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെയും ഒരേ സമയം ചോദ്യം ചെയ്യുന്നത്. ഇന്നലെ 11 മണിക്കൂര്‍ ചോദ്യം ചെയ്തശേഷം ശിവശങ്കറിനെ വിട്ടയച്ചിരുന്നു. 17000 കിലോ ഈന്തപ്പഴം വാണിജ്യ ആവശ്യത്തിനല്ലാതെ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് കേസെടുത്തിരിക്കുന്നത്. ഈന്തപ്പഴം സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അന്തേവാസികളായ കുട്ടികള്‍ക്ക് നല്‍കാന്‍ സാമൂഹ്യനീതി വകുപ്പ് തയാറാക്കിയ പദ്ധതിയില്‍ ചട്ടലംഘനം നടന്നോ എന്നാണ് അന്വേഷണം. പദ്ധതി സംബന്ധിച്ച് യുഎഇ കോണ്‍സുലേറ്റുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നും ശിവശങ്കറിന്റെ വാക്കാലുള്ള നിര്‍ദേശപ്രകാരമായിരുന്നു നടപടികളെന്നും നേരത്തെ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറായിരുന്ന ടി.വി അനുപമ മൊഴി നല്‍കിയിരുന്നു.
സ്വപ്ന സുരേഷിനെ കാക്കനാട് ജില്ലാ ജയിലിലും എം ശിവശങ്കറിനെ കസ്റ്റംസ് ആസ്ഥാനത്തുമാണ് ചോദ്യം ചെയ്യുന്നത്, രാവിലെ പത്ത് മണിയോടെയാണ് സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കാക്കനാട് ജില്ലാ ജയിലില്‍ എത്തിയത്. തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍ തുടങ്ങിയത്.
പത്തരയോടെയാണ് എം ശിവശങ്കര്‍ കസ്റ്റംസ് ആസ്ഥാനത്ത് എത്തിയത്. കസ്റ്റംസ് കമ്മീഷണറുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യല്‍ നടപടികള്‍ പുരോഗമിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും ഇത് വരെ കസ്റ്റംസിന് കിട്ടിയിരുന്നില്ല.










Manna Matrimony.Com
Thalikettu.Com







