തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 679 പേർക്ക് രോഗമുക്തി. ഇന്ന് 888 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 55 . 122 പേർ വിദേശത്തുനിന്ന് വന്നതാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 96 പേർ. 36 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. 4 മരണവും റിപ്പോർട്ട് ചെയ്തു. എറണാകുളം സ്വദേശി അബൂബക്കർ(72) , കാസർകോട് സ്വദേശി അബ്ദു റഹ്മാൻ(70), ആലപ്പുഴയിലെ സൈന്നുദ്ധീൻ(67), തിരുവനന്തപുരത്ത് സെൽവമണി(65) എന്നിവരാണ് മരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം, കോട്ടയം മലപ്പുറം, തൃശൂർ ജില്ലകളിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 100ന് മുകളിലാണ്.
പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് :
തിരുവനന്തപുരം 227, മലപ്പുറം 112, ഇടുക്കി 7, കോഴിക്കോട് 67, കോട്ടയം 118, പാലക്കാട് 86, തൃശൂര്‍ 109, കണ്ണൂര്‍ 43, കാസര്‍കോട് 38, ആലപ്പുഴ 84, കൊല്ലം 95, പത്തനംതിട്ട 63, വയനാട് 53, എറണാകുളം 70
കഴിഞ്ഞ 24 മണിക്കൂറിനകം 19,140 സാംപിളുകള്‍ പരിശോധിച്ചു. 1,50,816 പേരാണ് നിരീക്ഷണത്തിലുള്ളത്. 10,091 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 1167 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ 9609. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 20,896 പേർക്കാണ്. ഇതുവരെ ആകെ 3,62,210 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 6596 സാംപിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,16,418 സാംപിളുകള്‍ ശേഖരിച്ചതില്‍ 1,13,073 സാംപിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്തെ ഹോട്സ്പോട്ടുകളുടെ എണ്ണം 486 ആയി.
കോവിഡ് 19 വലിയ രീതിയിൽ തന്നെ തലസ്ഥാനത്ത് പടർന്നു, ഇന്ന് മേനംകുളം കിൻഫ്ര പാർക്കിൽ 300 പേർക്ക് പരിശോധന നടത്തിയതിൽ 88 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്തിന്റെ പൊതു സ്ഥിതി എടുത്താൽ 12 പേരെ പരിശോധിക്കുമ്പോഴാണ് ഒരാൾ പോസിറ്റീവ് ആയി മാറുന്നത്. കേരളത്തിൽ ഇത് 36 ൽ ഒന്ന് എന്നാണ്. തിരുവനന്തപുരത്ത് 18 പേരെ പരിശോധിക്കുമ്പോൾ ഒരാൾ പോസിറ്റീവ് ആണെന്ന് കാണുന്നു. രോഗബാധിതരെ ആകെ കണ്ടെത്താൻ ഉപയോഗിക്കുന്ന സർവയലൻസ് രീതിയാണു പ്രയോഗിക്കുന്നത്. ക്ലസ്റ്റർ രൂപപ്പെട്ടത് ആദ്യമായി ശ്രദ്ധയിൽപ്പെട്ടത് ഈ മാസം 5ന് പൂന്തുറയിലാണ്. ഭീമാ പള്ളി, പുല്ലുവിള മേഖലകളിൽ 15ാം തീയതിയോടെയാണ് ക്ലസ്റ്റർ രൂപപ്പെട്ടത്. മാർഗരേഖയ്ക്ക് അുസൃതമായാണു പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. വലിയതുറ, അഞ്ചുതെങ്ങ്, ചിറയിൻകീഴ്, കുളത്തൂർ, പനവൂർ, കടക്കാവൂർ, പുതുക്കുറിച്ചി തുടങ്ങിയ തീരദേശ മേഖലയിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടു. പൂന്തുറയിലും പുല്ലുവിളയിലും അനുവർത്തിച്ച പ്രവർത്തനങ്ങളിൽ നിന്നു തീരദേശ േഖലയ്ക്ക് അനുയോജ്യമായ രോഗനിയന്ത്രണ നിർവ്യാപന പ്രവർത്തികൾ ഈ മേഖലകളിൽ നടപ്പാക്കുകയാണ്. തീരദേശത്തിനു പുറമേ പട്ടം, ബാലരാമപുരം, പാറശാല പ്രദേശങ്ങളിലും രോഗവ്യാപനം കൂടുന്നു. ഇവിടെയും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നു.
ഇതുവരെ 39,805 റുട്ടീൻ ആർടിപിസിആർ പരിശോധനകളാണ് തിരുവനന്തപുരത്ത് ചെയ്തിട്ടുള്ളത്. കൂടാതെ സാമൂഹ്യവ്യാപനം ഉണ്ടോയെന്ന് അറിയാൻ 6985 പൂൾഡ് സെന്റിനൽ സർവയലൻസ് സാംപിളുകളും ചെയ്തു. ലോകാരോഗ്യ സംഘടന നിർദേശിച്ച ആന്റിജൻ ടെസ്റ്റ് ഈ മാസം 24 മുതലാണ് ജില്ലയിൽ ആരംഭിച്ചത്. കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ മേഖലയിൽ രോഗബാധിതരുടെ എണ്ണം വർധിക്കുന്നു. ഇന്നലെ ഏറ്റുമാനൂർ പച്ചക്കറി മാർക്കറ്റിൽ ആന്റിജൻ പരിശോധനയ്ക്കു വിധേയമായ 67ൽ 45 പേർക്കും രോഗം സ്ഥരീകരിച്ചു. ഇവിടുത്തെ രോഗബാധിതരിൽ ഭൂരിഭാഗം പേർക്കും ലക്ഷണങ്ങൾ ഇല്ലാത്തതു സാഹചര്യത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ഏറ്റുമാനൂർ മുൻസിപാലിറ്റിയിൽ നിലവിൽ കണ്ടെയ്ൻമെന്റുകളായ 4,27 വാർഡുകൾ ഒഴികെയുള്ള എല്ലാ വാർഡുകളും പ്രത്യേക ക്ലസ്റ്റർ പ്രഖ്യാപിച്ചു.
എറണാകുളം ജില്ലയിലെ ആലുവ കീഴ്മാടൂർ പ്രദേശത്ത് രോഗവ്യാപനം തുടരുന്നു. ചെല്ലാനം ക്ലസ്റ്ററിലെ കേസുകൾ കുറഞ്ഞു. പട്ടാമ്പി ക്ലസ്റ്ററിൽ നിന്ന് തൃശൂരിൽ സമ്പർക്ക രോഗബാധിതർ ആകുന്നവരുടെ എണ്ണം വർധിച്ചു. പാലക്കാട് ജില്ലയിൽ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലും ഇതുവരെ ആകെ 3,007 പേർക്കാണ് പരിശോധന നടത്തിയത്. ഇന്നലെ വരെ 271 പേർക്ക് രോഗം കണ്ടെത്തി. പട്ടാമ്പിയിൽ റാപ്പിഡ് റെസ്പോൺസ് ടീം ഇതുവരെ 7000 വീടുകളിലാണു സന്ദർശനം നടത്തിയത്. 122 പേർക്ക് ലക്ഷണം കണ്ടെത്തുകയും ആന്റിജൻ പരിശോധന നടത്തുകയും ചെയ്തു. ഇതിൽ 10 പേർക്ക് രോഗം സ്ഥിരീകരിച്ചു.










Manna Matrimony.Com
Thalikettu.Com







