കോട്ടയം: മെഡിക്കൽ കോളേജിൽ കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം നഗരസഭയുടെ മുട്ടമ്പലം ശ്മശാനത്തിൽ സംസ്കരിക്കുന്നത് പരിസരവാസികൾ തടഞ്ഞെങ്കിലും രാത്രി 11 മണിയോടെ വൻ പോലീസ് സന്നാഹത്തിൽ സംസ്കാരം നടത്തി. എ ആർ ക്യാംപിൽ നിന്നടക്കം മുന്നൂറോളം പോലീസുകാരുടെ സാന്നിധ്യത്തിൽ സംസ്കരിച്ച മൃതദേഹത്തിന് രാതി വൈകിയെങ്കിലും ആദരവ് ലഭിച്ചു.
ബി ജെ പി യുടെ കൗൺസിലർ ടി.എൻ.ഹരികുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിസരവാസികൾ മൃതദേഹം ദഹിപ്പിക്കുന്നത് തടഞ്ഞത്. ചുങ്കം സി.എം.എസ്. കോളേജ് ഭാഗം നടുമാലിൽ ജോർജി (83)ന്റെ ശവസംസ്കാരമാണ് തടഞ്ഞത്.
സർക്കാർ ആരോഗ്യപ്രവർത്തകനോട് “മൃതദേഹം തന്റെ വീട്ടിൽക്കൊണ്ടു പോടോ…”
എന്നു സ്ഥലത്തെ ബി ജെ പി യുടെ കൗൺസിലർ ആക്രോശിച്ചതു സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വൻ പ്രതിക്ഷേധത്തിനു ഇടവരുത്തി.
മുട്ടമ്പലത്ത് വൈദ്യുതിശ്മശാനത്തിൽ സംസ്കരിക്കുമ്പോൾ അതിന്റെ ചാരം പറക്കുമെന്നും അത് സുരക്ഷാഭീഷണി ഉണ്ടാക്കുമെന്നുമായിരുന്നു പ്രദേശവാസികൾക്കിടയിൽ ആരോ നടത്തിയ പ്രചാരണം. ഞായറാഴ്ച ഉച്ചയോടെ സംഘടിച്ച നാട്ടുകാർ ശ്മശാനത്തിലേക്കുള്ള വഴി കമ്പുകളും മറ്റും ഉപയോഗിച്ച് കെട്ടിയടച്ചു. പോലീസ് എത്തി പിന്നീട് ഇത് നീക്കിയെങ്കിലും നാട്ടുകാർ വഴിയിൽ കുത്തിയിരുന്ന് പ്രതിഷേധം തുടർന്നു. മരിച്ച വ്യക്തിയുടെ സഭയുടെ ശ്മശാനത്തിൽ സംസ്കരിക്കണമെന്നായിരുന്നു ആവശ്യം.
എന്നാൽ, മരിച്ച വ്യക്തിയുടെ സഭയുടെ സെമിത്തേരി സെൽ രൂപത്തിലുള്ളതാണെന്നും അതിൽ കോവിഡ് മാനദണ്ഡപ്രകാരം സംസ്കാരം നടത്താനാവില്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ആഴത്തിൽ മറവ് ചെയ്യുക, അല്ലെങ്കിൽ കത്തിക്കുക എന്നതാണ് മാനദണ്ഡം. മുട്ടമ്പലത്തേത് വൈദ്യുതി ശ്മശാനമാകയാൽ സുരക്ഷാപ്രശ്നമൊന്നുമില്ലെന്ന് അവർ പറഞ്ഞെങ്കിലും നാട്ടുകാർ അംഗീകരിച്ചില്ല.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., നഗരസഭാ ചെയർപേഴ്സൺ പി.ആർ.സോന, സി.പി.എം. ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ എന്നിവർ നാട്ടുകാരുമായി ചർച്ച നടത്താനെത്തിയിരുന്നു. ശവസംസ്കാരം ഇവിടെ നടത്തേണ്ടെന്ന് തീരുമാനിച്ചെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അറിയിച്ചതോടെയാണ് പ്രതിഷേധം ശമിച്ചത്.
എന്നാൽ, അപ്രതീക്ഷിതമായി രാത്രി തന്നെ സംസ്കാരം നടത്താൻ ജില്ലാ ഭരണകൂടം തീരുമാനം എടുക്കുകയായിരുന്നു. എ.ആർ ക്യാമ്പിൽ നിന്നടക്കം മുന്നൂറോളം പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചു. തുടർന്നു, മെഡിക്കൽ കോളേജിൽ നിന്നും അതിവേഗം ആംബുലൻസിൽ മൃതദേഹം ശ്മശാനത്തിൽ എത്തിച്ചു.
കെകെ റോഡ് മുതൽ ശ്മശാനം വരെയുള്ള ഭാഗത്ത് മതിൽ തീർത്തു പൊലീസ് സംഘവും നിന്നു. തുടർന്നു രണ്ടു മിനിറ്റ് കൊണ്ട് സംസ്കാര ചടങ്ങും തീർക്കുകയായിരുന്നു. 10.57 ന് ആരംഭിച്ച സംസ്കാര ചടങ്ങുകൾ 11.16 ന് സമാപിച്ചു.










Manna Matrimony.Com
Thalikettu.Com







