കൊല്ലം: ഉത്രയുടെ മരണത്തിനു പിന്നിൽ കൂടുതൽ പ്രതികളുണ്ടോ എന്നറിയാൻ ടവർ പരിശോധനയുമായി സൈബർ പൊലീസ്. മരണം നടക്കുന്ന സമയത്തും അതിനടുത്ത ദിനങ്ങളിലുമായി ഉത്രയുടെ അഞ്ചലിലെ വീടിനു സമീപവും സൂരജിന്റെ വീട്ടിലും എത്തിയവരുടെ ഫോൺ വിവരങ്ങൾ ശേഖരിക്കാനാണു ടവർ വിവരങ്ങളെടുക്കുന്നത്.
കേസിൽ പ്രതികളായ സൂരജിന്റെയും പാമ്പു പിടുത്തക്കാരൻ സുരേഷിന്റെയും അടക്കം ഫോണുകൾ നിലവിൽ പൊലീസിന്റെ കയ്യിലാണ്. മരണ ദിവസം ഉത്ര ധരിച്ചിരുന്ന വസ്ത്രത്തിൽ പാമ്പിന്റെ ശരീര അവശിഷ്ടങ്ങളുടെ സാന്നിധ്യം കണ്ടെത്താനായി വസ്ത്രങ്ങൾ തിരുവനന്തപുരം രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലേക്ക് അയച്ചു. കോടതിയുടെ അനുമതിയോടെ നൈറ്റിയും പാവാടയും കിടക്കവിരിയുമാണ് നൽകിയത്.
സൂരജ് പ്ലാസ്റ്റിക് ടിന്നിൽ കൊണ്ടു വന്ന അതേ പാമ്പാണ് ഉത്രയെ കടിച്ചതെന്നു ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞിരുന്നു. ഉത്രയുടെ വസ്ത്രങ്ങളിലും പാമ്പിന്റെ ശരീര സാംപിളുകൾ ഉണ്ടെന്നാണു നിഗമനം. പ്ലാസ്റ്റിക് ടിന്നിൽ നിന്ന് ഉത്രയുടെ ശരീരത്തിലേക്ക് സൂരജ് പാമ്പിനെ വിടുകയായിരുന്നു.
ശരീരത്തിലൂടെ ഇഴഞ്ഞ് ഇടതു കൈത്തണ്ടയിൽ പാമ്പ് കൊത്തി. നാല് മുറിവുകൾ ഉണ്ടായി. ഉറക്കഗുളിക നൽകി ബോധം കെടുത്തിയതിനാൽ പാമ്പ് കടിച്ച വിവരം ഉത്ര അറിഞ്ഞില്ലെന്നാണ് സൂരജ് പൊലീസിനു നൽകിയ മൊഴി. കേസിൽ രണ്ടാംഘട്ട അന്വേഷണവും തുടങ്ങി. അഡീഷനൽ എസ്പിയായി എസ്. മധുസൂദനൻ ചുമതലയേറ്റു.