ആലുവ: അതിഥി തൊഴിലാളികളെ സ്വദേശത്തേക്ക് എത്തിക്കുന്നതിനായി കേരളത്തില്‍ നിന്ന് ആദ്യ ട്രെയിന്‍ ഒഡീഷയിലേക്ക് പുറപ്പെട്ടു. 1152 പേരുമായി ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒഡിഷയിലെ ഭുവനേശ്വറിലേക്കാണ് നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ യാത്ര തിരിച്ചത്.
വൈകുന്നേരം ആറുമണിയോടെ പുറപ്പെടേണ്ടിയിരുന്ന ട്രെയിന്‍ പത്തുമണിയോടെയാണ് പുറപ്പെട്ടത്. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് ക്യാമ്പുകളില്‍ അതിഥി തൊഴിലാളികളുടെ ആരോഗ്യപരിശോധന നടത്തിയ ശേഷമാണ് ഇവരെ റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിച്ചത്. ക്യാംപുകളില്‍ നിന്ന് തൊഴിലാളികളെ കെഎസ്ആര്‍ടിസി ബസില്‍ സ്റ്റേഷനിലെത്തിച്ച് പരിശോധനകള്‍ക്ക് ശേഷമാണ് ട്രെയിന്‍ യാത്ര തുടങ്ങിയത്.
ട്രെയിനിനുള്ളില്‍ പാന്‍ട്രി ഇല്ലാത്തതിനാല്‍ മുഴുവന്‍ തൊഴിലാളികള്‍ക്കുമുള്ള കേടാകാത്ത തരത്തിലുള്ള ഭക്ഷണവും വെള്ളം അടക്കമുള്ള അവശ്യ സാധനങ്ങളും പാക്കറ്റിലാക്കി നല്‍കിയിട്ടുണ്ട്.
സാമൂഹ്യ അകലം കൃത്യമായി പാലിച്ച് ഒരു ബോഗിയില്‍ 60 പേരെന്ന നിലയിലാണ് ക്രമീകരണം. 34 മണിക്കൂറുകള്‍ കൊണ്ട് കൊച്ചിയില്‍ നിന്ന് ഭുവനേശ്വറില്‍ എത്തും.