ബെംഗലൂരു: ആറ് പതിറ്റാണ്ടിന്റെ സംഗീത സപര്യയില്‍ രാജ്യത്തിന്റെ ബാല്യത്തിനും പ്രണയത്തിനും വിരഹത്തിനും തന്റെ ശബ്ദ മാന്ത്രികത കൊണ്ട് കൂട്ടിരുന്ന പ്രിയ ഗായിക എസ് ജാനകിക്ക് വിടചൊല്ലാനൊരുങ്ങി രാജ്യം. ഇന്നലെ കൊച്ചുമകള്‍ അപ്സര പ്രിയ ഗായികയുടെ വിയോഗം രാജ്യത്തെ അറിയിച്ചതു മുതല്‍ നിരവധിപേരാണ് മൈസൂരുവിലെ അപ്പോളോ ആശുപത്രിയിലേക്ക് ഒഴുകിയെത്തിയത്. ഇന്ത്യയുടെ കാലാ സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ ഇതിനോടകം ജാനകിയമ്മയെ ആവസാനമായി ഒരു നോക്കു കാണാന്‍ വീട്ടിലേക്കും ആശുപത്രിയിലേക്കുമായി എത്തിക്കഴിഞ്ഞു.
രാവിലെ എട്ടര മുതല്‍ മൈസൂരുവിലെ മഹാരാജാസ് കോളേജ് ഗ്രൗണ്ടിലാണ് പൊതുദര്‍ശനം ഒരുക്കിയിരിക്കുന്നത്. വൈകീട്ട് ഔദ്യോഗിക ബഹുമതികളോടെ കനിയനഹുണ്ഡി ഫാം ഹൗസിലാണ് സംസ്കാരം. ഇരുപത് ഭാഷകളിലായി ഇരുപതിനായിരത്തോളം ഗാനങ്ങള്‍ പാടിയ പകരം വെക്കാനില്ലാത്ത നാദ വിസ്മയമാണ് വിടവാങ്ങുന്നത്. ഇന്ത്യന്‍ സംഗീത ലോകത്തില്‍ വേറിട്ട ശബ്ദ സൗന്ദര്യം കൊണ്ട് പടുത്തുയര്‍ത്തിയ ഗാനസിംഹാസനമാണ് ജാനകിയമ്മ കടന്നു പോകുമ്പോള്‍ ശൂന്യമാകുന്നത്.
ആ കണ്ഠത്തിന് വഴങ്ങാത്തതായി ഒന്നുമില്ലെന്നും സമസ്ത ഭാവങ്ങളും ജാനകിയമ്മ മറ്റാര്‍ക്കും കഴിയാത്ത വിധം അനശ്വരമാക്കിയെന്നുമായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന് എസ് ജാനകിയുടെ വിയോഗത്തിന് പിന്നാലെ ആനുശോചിച്ചത്. തെന്നിന്ത്യയുടെ വാനമ്പാടി എന്ന വിശേഷണത്തിനും അപ്പുറമാണ് എസ് ജാനകി ഇന്ത്യന്‍ ചലച്ചിത്ര ഗാന ശാഖയ്ക്ക് നല്കിയ സംഭാവനകളെന്നും അദ്ദേഹം ഓര്‍ത്തെടുത്തു. മറ്റൊരു നാട്ടില്‍ നിന്നെത്തി മലയാളി മനസ് കീഴടക്കിയ മഹാഗായിക എസ് ജാനകി വിടവാങ്ങുമ്പോള്‍ നീണ്ട ഒരു കാലഘട്ടത്തിന് തിരശ്ശീല വീഴുകയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന് കുറിച്ചത്. ജാനകിയമ്മക്ക് കേരള സംസ്ഥാന വാര്‍ഡ് വാങ്ങിക്കൊടുത്ത മൂന്ന് പാട്ടുകളില്‍ രണ്ടെണ്ണം തന്റേതാണെന്ന ഓര്‍മ്മ ഗാന രചയിതാവ് ശ്രീകുമാരന്‍ തമ്പിയും പങ്കുവെച്ചു. ശാത്രീയസംഗീതം പഠിക്കാതെ കല്യാണി രാഗം പാടുന്ന ജാനകിയമ്മയുടെ പ്രതിഭയേയും അദ്ദേഹം ഓര്‍ത്തെടുത്തു.
ജാനകിയമ്മയുടെ വിയോഗത്തെ കുറിച്ച് അറിയിച്ച കൊച്ചുമകള്‍ കുടുംബം കടുത്ത ദുഖത്തിലൂടെയാണ് കടന്നു പോകുന്നതെന്നും പ്രയാസകരമായ സമയത്ത് തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും പറഞ്ഞിരുന്നു. 1956ല്‍ ആകാശവാണി നടത്തിയ അഖിലേന്ത്യാ സംഗീതമത്സരത്തില്‍ ലഭിച്ച രണ്ടാംസ്ഥാനത്തോടെയാണ് ജാനകിയമ്മയുടെ സംഗീതജീവിതം തുടങ്ങിയത്. ‘വിധിയിന്‍ വിളയാട്ട്’ എന്ന തമിഴ് ചിത്രത്തില്‍ പാടിയായിരുന്നു ചലച്ചിത്ര സംഗീതലോകത്തേക്കുള്ള കടന്നുവരവ്.
1957ല്‍ പുറത്തിറങ്ങിയ ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രത്തിലെ ‘ഇരുള് മൂടുകയോ എന്‍ വഴിയില്‍’ എന്ന ഗാനമാണ് മലയാളത്തില്‍ ആദ്യമായി പാടിയത്. തളിരിട്ട കിനാക്കള്‍തന്‍’ (മൂടുപടം), ‘അഞ്ജന കണ്ണെഴുതീ’ (തച്ചോളി ഒതേനന്), ‘സൂര്യകാന്തീ..’ (കാട്ടുപൂവ്), ‘ഒരു കൊച്ചു സ്വപ്നത്തിന്’ (തറവാട്ടമ്മ), ‘താമര കുമ്പിളിലല്ലോ മമഹൃദയം’ (അന്വേഷിച്ചു കണ്ടെത്തിയില്ല) അങ്ങനെ നീളുന്നു ഹിറ്റ് ഗാനങ്ങള്‍. മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് നാലു തവണയാണ് എസ് ജാനകിക്ക് ലഭിച്ചത്. 1977-ല്‍ സിന്ദൂര പൂവേ… എന്ന് തുടങ്ങുന്ന ഗാനത്തിനാണ് ആദ്യമായി ദേശീയ പുരസ്കാരം ലഭിച്ചത്. 1980ല്‍ ഓപ്പോള് എന്ന മലയാള ചിത്രത്തിലെ ഏറ്റുമാനൂര്‍ അമ്പലത്തില്‍ എന്ന ഗാനത്തിനും 1984ല്‍ തെലുങ്കു ചിത്രമായ സിതാരയില്‍ വെന്നല്ലോ ഗോദാരി ആനന്ദം എന്നു തുടങ്ങുന്ന ഗാനത്തിനും 1992ല്‍ തമിഴ് ചിത്രമായ തേവര് മകനില്‍ ഇഞ്ചി ഇടുപ്പഴകാ എന്ന ഗാനത്തിനുമാണ് ദേശീയ അവാര്‍ഡുകള്‍ ലഭിച്ചത്.
മികച്ച പിന്നണിഗായികയ്ക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് 14 തവണ ലഭിച്ചു. 2013ല്‍ പത്മഭൂഷണ്‍ ലഭിച്ചെങ്കിലും നിരസിക്കുകയായിരുന്നു. പ്രണയം, വിരഹം, ഭക്തി, വാത്സല്യം, കുട്ടിത്തം എന്നിങ്ങനെ ജാനകിക്ക് വഴങ്ങാത്ത ഭാവങ്ങളുണ്ടായിരുന്നില്ല. മൗനം പോലും മധുരമാക്കിയ ശബ്ദം.
1938ല്‍ ഏപ്രില്‍ 23-ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ ജനിച്ച ജാനകി മൂന്നാം വയസില്‍ തന്നെ സംഗീതത്തോട് ആഭിമുഖ്യം പ്രകടിപ്പിച്ചുതുടങ്ങിയിരുന്നു. ജാനകിയുടെ സംഗീത വാസന വളര്‍ത്തുന്നതില്‍ അമ്മാവന് ഡോ. ചന്ദ്രശേഖര്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് സംഗീത പഠനത്തിനായി പില്ക്കാലത്ത് മദ്രാസിലെത്തിയത്.










Manna Matrimony.Com
Thalikettu.Com






