കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള കോണ്‍ഗ്രസ് ഭവനപദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങ് ഫെബ്രുവരി 26ന് നടക്കുമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ അഡ്വ. സണ്ണി ജോസഫ് എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മേപ്പാടി പഞ്ചായത്തിലെ കുന്നമ്പറ്റയില്‍ വെച്ച് ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന ചടങ്ങില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തറക്കല്ലിടല്‍ നിര്‍വഹിക്കും.
50 വീടുകളാണ് ഇവിടെ നിര്‍മ്മിക്കുന്നത്. 1100 സ്ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ള വീടുകളാണ് നിര്‍മ്മിക്കുന്നത്. 3.24 ഏക്കര്‍ സ്ഥലമാണ് രജിസ്റ്റര്‍ ചെയ്തത്. 2.18 ഏക്കര്‍ സ്ഥലത്തിന്റെ രജിസ്ട്രേഷന് ഈ ആഴ്ചയില്‍ നടക്കും.
5.24 ഏക്കറിലായിട്ടാണ് 50 വീടുകള്‍ നിര്‍മ്മിക്കുക. ഒരു വീടിന്റെ ഉടമയ്ക്ക് എട്ട് സെന്റ് സ്ഥലം നല്‍കും. ഇതിന്റെ തുടര്‍ച്ചയായി മേപ്പാടി പഞ്ചായത്തിലെ ഏഴാഞ്ചിറ പ്രദേശത്ത് അഞ്ച് ഏക്കര്‍ കൂടി സ്ഥലം ഏറ്റെടുത്ത് 50 വീടിന്റെ നിര്‍മ്മാണവും ആരംഭിക്കും.
ഭവനനിര്‍മ്മാണത്തോടൊപ്പം കോണ്‍ഗ്രസ് മുണ്ടക്കൈയിലെയും ചൂരല്‍മലയിലെയും കച്ചവടക്കാര്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കും. സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിക്കാത്ത കച്ചവടക്കാരായ 40 പേര്‍ക്കാണ് അഞ്ച് ലക്ഷം രൂപ വീതം നല്‍കുക. ഇവര്‍ പ്രിയങ്കഗാന്ധിയെ കണ്ട് അവരുടെ പ്രയാസങ്ങള്‍ അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പ്രിയങ്ക ഗാന്ധിയുടെ സഹായമെന്നും സണ്ണി ജോസഫ് പറഞ്ഞു.










Manna Matrimony.Com
Thalikettu.Com






