എന്താണ് എസ്.ഐ.ആർ?
സാധാരണഗതിയിൽ വർഷാവർഷം നടത്തുന്ന വോട്ടർ പട്ടിക പുതുക്കൽ പട്ടികയിലെ അപാകതകൾ നീക്കാൻ പര്യാപ്തമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ബോധ്യപ്പെടുമ്പോഴാണ് ‘സ്‌പെഷ്യൽ ഇന്റെൻസീവ് റിവിഷൻ’ അഥവാ എസ്‌ഐആർ നടത്തുന്നത്.
വീടുവീടാന്തരമുള്ള പരിശോധനകൾ, ഓൺലൈൻ അപേക്ഷകൾ, പഴയ വോട്ടർ വിവരങ്ങളുടെ പുനഃപരിശോധന എന്നിവ ഇതിന്റെ ഭാഗമായി നടക്കുന്നു. ഇന്ത്യൻ ഭരണഘടനയുടെ 324-ാം അനുച്ഛേദം നൽകുന്ന അധികാരം ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ പ്രത്യേക നടപടി സ്വീകരിക്കുന്നത്.
വോട്ടർ പട്ടികയിൽ പേര് പരിശോധിക്കാനുള്ള ഘട്ടങ്ങൾ
ആദ്യം ഇലക്ഷൻ കമ്മീഷന്റെ വോട്ടർ സേവന വെബ്സൈറ്റായ voters.eci.gov.in/download-eroll സന്ദർശിച്ച് സംസ്ഥാനമായി കേരളം എന്നത് തിരഞ്ഞെടുക്കുക.വെബ്സൈറ്റിൽ നൽകിയിരിക്കുന്ന പട്ടികയിൽ നിന്നും നിങ്ങളുടെ ജില്ല തിരഞ്ഞെടുക്കുക. തുടർന്ന് അതിന് താഴെ വരുന്ന പട്ടികയിൽ നിന്ന് ബന്ധപ്പെട്ട നിയമസഭാ മണ്ഡലം തിരഞ്ഞെടുക്കുക.
മണ്ഡലം തിരഞ്ഞെടുത്താൽ ബൂത്ത് തലത്തിലുള്ള വോട്ടർ പട്ടികകൾ ഉൾക്കൊള്ളുന്ന ഗൂഗിൾ ഡ്രൈവ് ഫോൾഡർ ലഭിക്കും. താലൂക്ക്, ഗ്രാമം അല്ലെങ്കിൽ ബൂത്ത് നമ്പർ എന്നിവയുടെ അടിസ്ഥാനത്തിൽ നിങ്ങളുടെ ബൂത്തിന്റെ പിഡിഎഫ് ഫയൽ ഡൗൺലോഡ് ചെയ്ത് പേര് പരിശോധിക്കാം.
വോട്ടർ ഐഡി കാർഡ് നമ്പർ (EPIC Number) ഉപയോഗിച്ച് electoralsearch.eci.gov.in എന്ന വെബ്സൈറ്റിലൂടെയും നിങ്ങളുടെ വിവരങ്ങൾ നേരിട്ട് തിരയാവുന്നതാണ്.
മറ്റ് മാർഗങ്ങൾ
തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിന് പുറമെ, കേരളം സിഇഒ വെബ്സൈറ്റ് www.order.ceo.kerala.gov.in, ECINET മൊബൈൽ ആപ്പ് എന്നിവ വഴിയും വിവരങ്ങൾ അറിയാം. സംശയ നിവാരണത്തിനായി വോട്ടർമാർക്ക് അതത് ബൂത്ത് ലെവൽ ഓഫീസറെയോ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസറെയോ ബന്ധപ്പെടാവുന്നതാണ്.
പേര് ഇല്ലെങ്കിൽ എന്ത് ചെയ്യണം?
പുതുക്കിയ കരട് പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടില്ലെങ്കിൽ വോട്ടർമാർക്ക് പുതിയതായി അപേക്ഷിക്കാൻ അവസരമുണ്ട്. ഇതിനായി ‘ഫോം 6’ (Form 6 – Annexure-IV) പൂരിപ്പിച്ച് സമർപ്പിക്കണം. അർഹരായ എല്ലാ വോട്ടർമാരും പട്ടികയിൽ ഉൾപ്പെട്ടുവെന്ന് ഉറപ്പുവരുത്തണമെന്ന് തിരഞ്ഞെടുപ്പ് അധികൃതർ വോട്ടർമാരോട് അഭ്യർത്ഥിച്ചു.










Manna Matrimony.Com
Thalikettu.Com







