കോട്ടയം: മാങ്ങാനത്ത് സ്തുത്യർഹമായ സേവനം കാഴ്ച വെച്ച് ബി ജെ പി സേവാ ഭാരതി പ്രവർത്തകരും. റേഷൻ സാധനങ്ങൾ വാങ്ങുവാൻ പോകുവാൻ ബുദ്ധിമുട്ടുള്ളവർക്ക് വീടുകളിൽ റേഷൻ സാധനങ്ങളും ഭക്ഷ്യ വസ്തുക്കളും എത്തിച്ച് നൽകിയാണ് സേവാ ഭാരതി പ്രവർത്തകർ മാതൃകയാകുന്നത്.
മാങ്ങാനം നരസിംഹ സ്വാമി ക്ഷേത്രത്തിനു സമീപം നോട്ടീസ് ബോർഡിൽ ഇവരുടെ ഫോൺ നമ്പറുകൾ കുറിച്ചിട്ടിട്ടുണ്ട്. റേഷൻ കാർഡ് നൽകിയാൽ ഇവരുടെ വാഹനത്തിൽ തന്നെ പ്രവർത്തകർ സാധങ്ങളുമായി വീട്ടുമുറ്റത്തെത്തും.
പത്താം വാർഡിലെ അമ്പത് കുടുംബങ്ങൾക്ക് നാല് കിലോ അരി വീതവും ഇവർ എത്തിച്ച് നൽകിയിരുന്നു. മഹിളാ പ്രവർത്തകർ നിരവധി മാസ്ക്കുകളും നിർമിച്ച് ആവശ്യക്കാർക്ക് എത്തിച്ച് നൽകിയിട്ടുണ്ട്.
വിവിധയിടങ്ങളിൽ ബിജെപി പ്രവർത്തകർ ഭക്ഷണ പൊതികളും ഭക്ഷ്യ വസ്തുക്കളും ദുരിതമനുഭവിക്കുന്നവർക്ക് എത്തിച്ച് നൽകി. ഫീഡ് ദി നീഡി (Feed The Needy) എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയിൽ രാജ്യമെമ്പാടും നിരവധി പ്രവർത്തകർ പങ്കാളികളാവുന്നുണ്ട്.