കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. വടക്കൻ കേരളത്തിലാണ് മഴ ശക്തം. മഴക്കെടുതിയിൽ സംസ്ഥാനത്ത് നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ശക്തമായ കാറ്റിൽ വീട് തകർന്ന് കണ്ണൂരിൽ വയോധികൻ മരിച്ചു. കണ്ണൂർ കോളയാട് പെരുവ തെറ്റുമ്മൽ എനിയാടൻ ചന്ദ്രൻ (78) ആണ് മരിച്ചത്. കണ്ണൂർ പഴയങ്ങാടി ചൂട്ടാട് ബീച്ചിൽ മീൻപിടിത്ത ബോട്ടുമറിഞ്ഞ് കന്യാകുമാരി പുത്തുംതുറയിലെ സലോമോൻ ലോപ്പസ് എലീസ് (63) മരിച്ചു.
ഇടുക്കിയിൽ ഉടുമ്പൻചോല കല്ലുപാലത്ത് മരം വീണ് തമിഴ്നാട് തമ്മനായക്കൻപട്ടി സ്വദേശി ലീലാവതി (58) മരിച്ചു. ലോറിക്കുമുകളിൽ മണ്ണിടിഞ്ഞു വീണാണ് ഡ്രൈവർ മൂന്നാർ അന്തോണിയാർ നഗർ സ്വദേശി ഗണേഷൻ (56) മരിച്ചത്. കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ മൂന്നാർ ഗവ. കോളേജിനുസമീപം ആയിരുന്നു അപകടം.
സംസ്ഥാനത്തെ തെക്കൻ ജിലകളിൽ മഴയ്ക്ക് ഇന്ന് നേരിയ ശമനം ഉണ്ടെങ്കിലും വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വയനാട് ഉൾപ്പെട്ടെ മലബാറിലെ മലയോര മേഖകളിൽ മഴ തുടരുകയാണ്.
ഇന്നലെ രാത്രിയിലും മലയോരമേഖലകളിൽ അതി ശക്തമായ മഴ പെയ്തിരുന്നു. വയനാട് കല്ലുമുക്കിൽ വീടിന് മുകളിൽ മരം വീണു. ചാലിയാറും ചെറുപുഴ, ഇരുവഴിഞ്ഞപ്പുഴ എന്നിവ കരകവിഞ്ഞതോടെ കോഴിക്കോട് മാവൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വെള്ളം കയറി. ചാത്തമംഗലം പ്രദേശത്ത് ഉൾപ്പെടെ റോഡുകൾ വെള്ളത്തിൽ മുങ്ങി.
കോഴിക്കോട് കുറ്റ്യാടിയിൽ വീടിന് മുകളിൽ തെങ്ങ് വീണ് അപകടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വീട്ടിലുണ്ടായിരുന്ന കുട്ടികൾ അടക്കം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വിലങ്ങാടും മരം വീണ് വീട് തകർന്നു.കണ്ണൂർ ഇരിട്ടി തളിപ്പറമ്പ് പാതയിൽ വെള്ളം കയറി. പഴശ്ശി ഡാമിന് താഴെയുള്ള വീടുകളിൽ വെള്ളം കയറിയതായും റിപ്പോർട്ടുകളുണ്ട്.
പാലക്കാട് ജില്ലയിൽ നെൽപ്പാടങ്ങൾ ശക്തമായ മഴയിൽ വെള്ളം കയറി. മരം വീണുണ്ടായ അപകടത്തിൽ വയോധികയ്ക്ക് പരിക്കേറ്റു. ചന്ദ്ര നഗറിൽ സരോജിനിയ്ക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. മലപ്പുറം ജില്ലയുടെ തീരമേഖലകളിൽ ശക്തമായ കടലാക്രമണം ആണ് റിപ്പോർട്ട് ചെയ്യുന്നത്. തൃശൂർ ജില്ലയിൽ ദേശീയ പാതയിൽ ഉൾപ്പെടെ വെള്ളക്കെട്ട് രൂപപ്പെട്ടു. ചാലക്കുടിയിൽ അടിപ്പാതകളിലാണ് വെള്ളക്കെട്ടുണ്ടായത്.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ഡാമുകൾ തുറന്നു. ബാണാസുര സാഗർ, പെരിങ്ങൽകുത്ത്, കക്കയം, ചുള്ളിയാർ, മാട്ടുപ്പെട്ടി, ഷോളയാർ, തെന്മല പരപ്പാർ, പീച്ചി, പഴശ്ശി ഡാമുകൾ തുറന്നു. പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം.










Manna Matrimony.Com
Thalikettu.Com







