പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രകോപന പെരുമാറ്റത്തെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രകോപനപരമായി പെരുമാറുന്നത് ഒഴിവാക്കണം. ചോദ്യം ചോദിച്ചാല്‍ പ്രകോപിതനാകുന്ന പ്രതിപക്ഷ നേതാവിനെയല്ല ആവശ്യം. വി.ഡി. സതീശന്‍ ആത്മപരിശോധന നടത്തണമെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോടിയേരി പറഞ്ഞു.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ചത് അത്യന്തം അപലപനീയമാണ്. എന്തെല്ലാം പ്രശ്നങ്ങളുണ്ടെങ്കിലും അത്തരമൊരു അക്രമം ഉണ്ടാകാന്‍ പാടില്ലായിരുന്നു. അതു ജനങ്ങളില്‍ നിന്ന് നമ്മെ അകറ്റുകയാണു ചെയ്യുക. പാര്‍ട്ടി അംഗങ്ങള്‍ ആരെങ്കിലും എംപിയുടെ ഓഫിസ് ആക്രമിച്ചവരില്‍ ഉണ്ടെങ്കില്‍ ശക്തമായ സംഘടനാ നടപടി സ്വീകരിക്കും കോടിയേരി പറഞ്ഞു.
വിഷയത്തില്‍ സര്‍ക്കാരും ഉചിതമായി ഇടപെട്ടിരുന്നു. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. സര്‍ക്കാരിന്റെ നടപടി മാതൃകാപരമാണെന്നും കോടിയേരി വ്യക്തമാക്കി. ”ഗാന്ധി ചിത്രം തകര്‍ത്തത് ആരെന്ന് പൊലീസ് കണ്ടെത്തണം. എസ്എഫ്ഐ സമരം നടക്കുമ്പോള്‍ ഫോട്ടോ അവിടെയുണ്ടായിരുന്നു. കോണ്‍ഗ്രസുകാര്‍ ചൂണ്ടിക്കാട്ടുന്നവരെ പിടിക്കുന്ന സമീപനം ഉണ്ടാകരുത്. അക്രമങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ പ്രവര്‍ത്തകര്‍ക്ക് സിപിഐഎം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിമാനത്തില്‍ വച്ച് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായപ്പോള്‍ ആരും അപലപിച്ചിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതിന്റെ പേരില്‍ എസ്എഫ്ഐയെ ഒറ്റപ്പെടുത്താനാണ് ശ്രമം.” പറയുന്നവരെ അറസ്റ്റ് ചെയ്യണമെന്നാണ് കോണ്‍ഗ്രസുകാരുടെ ആവശ്യമെന്നും കോടിയേരി ആരോപിച്ചു.