വിദ്വേഷ പ്രസംഗ കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ എംഎല്‍എ പിസി ജോര്‍ജ് നല്‍കിയ ജാമ്യ ഹര്‍ജി ഉള്‍പ്പടെ മൂന്ന് ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ നടത്തിയ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് ജാമ്യം റദ്ദാക്കിയ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്ത റിവിഷന്‍ ഹര്‍ജിയാണ് രാവിലെ പത്തേകാലിന് ആദ്യം പരിഗണിക്കുക. ഇതേ കേസില്‍ ജോര്‍ജിന്റെ ജാമ്യാപേക്ഷയും വെണ്ണല കേസിലെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയും മറ്റൊരു ബഞ്ച് ഉച്ചയ്ക്ക് പരിഗണിക്കും. അതേസമയം ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചിട്ടില്ലെന്നും വഞ്ചിയൂര്‍ കോടതിയുടെ ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ല എന്നുമാണ് പിസി ഉയര്‍ത്തുന്ന വാദം.
പിസി ജോര്‍ജിനെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യമാണ് പ്രോസിക്യൂഷന്‍ പ്രധാനമായും മുന്നോട്ട് വയ്ക്കുന്നത്. കേസില്‍ വീഡിയോ അടക്കമുള്ള തെളിവുകള്‍ കൈവശമുള്ളപ്പോള്‍ എന്തിനാണ് പ്രതിയെ കസ്റ്റഡിയില്‍ വെക്കുന്നതെന്ന ഹൈക്കോടതിയുടെ ചോദ്യത്തിലെ സര്‍ക്കാര്‍ മറുപടിയും ഇതില്‍ നിര്‍ണായകമാകും.
തിരുവനന്തപുരം ഹിന്ദുമഹാ സമ്മേളനത്തില്‍ നടത്തിയ വിവാദ പ്രസംഗത്തില്‍ കോടതി നല്‍കിയ ജാമ്യ ഉപാധികള്‍ ലംഘിച്ചതിന് കഴിഞ്ഞദിവസമാണ് പിസി ജോര്‍ജിന് നല്‍കിയ ജാമ്യം കോടതി റദ്ദാക്കിയത്. ഇതിനെത്തുടര്‍ന്ന് കൊച്ചിയില്‍ അറസ്റ്റ് ചെയ്ത ജോര്‍ജ്ജിനെ അര്‍ദ്ധ രാത്രി തന്നെ പൊലീസ് തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. കനത്ത സുരക്ഷയില്‍ ജഡ്ജിയുടെ ചേംബറില്‍ ഇന്നലെ രാവിലെ ഹാജരാക്കിയ ജോര്‍ജിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു.
വര്‍ഗീയ ആക്രമണം നടത്താമെന്ന് സംഘപരിവാറിലെ ചിലര്‍ വിചാരിക്കുന്നുവെന്നും അതിന് ശ്രമിച്ചാല്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കി. എന്നാല്‍ തിടുക്കത്തിലുള്ള നടപടികള്‍ക്ക് പിന്നില്‍ സര്‍ക്കാരാണെന്ന് ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്കെത്തിച്ചപ്പോള്‍ മാധ്യമങ്ങളെ കണ്ട പിസി ജോര്‍ജ്ജ് ആരോപിച്ചിരുന്നു.










Manna Matrimony.Com
Thalikettu.Com







