കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ കല്ലിടല്‍ നിര്‍ത്തി. സാമൂഹിക ആഘാത പഠനത്തിന് ഇനി ജിപിഎസ് സംവിധാനം ഉപയോഗിക്കും. റവന്യൂ വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി. കെ റെയില്‍ കല്ലിടലിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കൂടിയാണ് നടപടി. കേരള റെയില്‍ ഡലവപ്പ്മെന്റ് കോര്‍പ്പറേഷന്റെ അപേക്ഷ പ്രകാരമാണ് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. പാത കടന്നു പോകുന്ന വഴിയില്‍ സാമൂഹിക ആഘാത പഠനത്തിനായി ഇനി ജിപിഎസ് സംവിധാനം ഉപയോഗിക്കും.
ജനരോക്ഷത്തിന് പുറമേ കേരള ഹൈക്കോടതിയും കല്ലിടല്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. കെ റെയില്‍ എന്ന് രേഖപ്പെടുത്തിയ അതിരടയാള കല്ല് സ്ഥാപിക്കുന്ന നടപടിയാണ് കോടതി തടഞ്ഞത്. ഭൂമി ഏറ്റെടുക്കാതെ ഇത്തരം അടയാളങ്ങള്‍ സ്ഥാപിക്കാനാവില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.
പദ്ധതി കടന്നു പോകുന്ന സ്ഥലത്തിന്റെ ഉടമസ്ഥരായ കോട്ടയം സ്വദേശികള്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. അതേസമയം, സര്‍വ്വേ ആന്‍ഡ് ബൗണ്ടറീസ് ആക്ട് പ്രകാരമുള്ള സര്‍വ്വേ നടപടികളുടെ ഭാഗമായി 60 സെന്റിമീറ്റര്‍ നീളമുള്ള സാധാരണ സര്‍വ്വേ കല്ലുകള്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സ്ഥാപിക്കാനാകുമെന്നും കോടതി വിശദീകരിച്ചിരുന്നു.
അതേസമയം, സാമൂഹ്യാഘാത പഠനത്തിന് മുന്നോടിയായാണ് കല്ലിടലെന്നും ഭൂമിയേറ്റെടുക്കല്‍ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നുമായിരുന്നു കെ റെയില്‍ അധികൃതരുടെ വിശദീകരണം.