കണ്ണൂർ: കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന്റെ ഇരയായ അസ്ന എന്ന പെൺകുട്ടി സ്വന്തം നാട്ടിൽ, ചെറുവാഞ്ചേരി കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോക്ടറായി ഇന്നു ചുമതലയേറ്റു. 2000 സെപ്റ്റംബർ 27ന്, തദ്ദേശ ഭരണ തിരഞ്ഞെടുപ്പു ദിവസം, ബൂത്തിനു സമീപം വീട്ടുമുറ്റത്തു കളിക്കുന്നതിനിടെ പന്താണെന്നു കരുതി തട്ടിക്കളിച്ചപ്പോൾ ബോംബ് പൊട്ടിയാണ് അസ്നയുടെ കാൽ നഷ്ടമായത് . മൂന്നു മാസം വേദന കടിച്ചമർത്തി ആശുപത്രിയിൽ. അക്കാലത്തു ഡോക്ടർമാരിൽ നിന്നു ലഭിച്ച സ്നേഹവും പരിചരണവുമാണ് ഡോക്ടറാകണം എന്ന മോഹം അസ്നയിൽ ഉദിക്കാൻ ഇടയാക്കിയത്. പിന്നീട് തന്റെ ലക്ഷ്യത്തിന് വേണ്ടിയുള്ള പോരാട്ടമായിരുന്നു അസ്നക്കു.
നാടും നാട്ടുകാരും നന്മയുള്ള രാഷ്ട്രീയക്കാരും ഒരുമിച്ചതോടെ അസ്ന വിജയത്തിലേക്ക് കുതിച്ചു. കാല് വയ്യാത്ത അസ്നയെ സ്കൂളിലേക്ക് ചുമന്നു കൊണ്ടുപോയത് അച്ഛനായിരുന്നു. പഠന ശേഷം ആഗ്രഹം പോലെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ എം ബി ബി എസ് പ്രവേശനം.
പഠന ശേഷം നാലാം നിലയിലേക്ക് കയറാൻ പ്രയാസമുണ്ടായിരുന്ന അസ്നക്ക് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഇടപെടലിൽ ലിഫ്റ്റ് സ്ഥാപിച്ചു നൽകിയിരുന്നു. അസ്നക്കുള്ള എല്ലാവിധ സഹായങ്ങളും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വാഗ്ദാനം ചെയ്തിരുന്നു . പഠനത്തിനും ചികിത്സയ്ക്കുമായി നാട്ടുകാർ 15 ലക്ഷം രൂപ സമാഹരിച്ചു നൽകിയിരുന്നു. ഡിസിസി വീടു നിർമ്മിച്ചു നൽകി.
ഹൗസ് സർജൻസി പൂർത്തിയാക്കിയ അസ്ന നാട്ടിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെ താൽക്കാലിക ജോലിക്കായി അപേക്ഷിച്ചിരുന്നു. അപേക്ഷകരിൽ ഒന്നാം സ്ഥാനം നേടിയ അസ്നയ്ക്കു നിയമനം നൽകാൻ ഇന്നലെയാണു പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചത്. വീട്ടിൽ നിന്ന് അഞ്ച് മിനിറ്റ് ദൂരമേയുള്ളുവെങ്കിലും അസ്നയ്ക്ക് അതു പോലും വലിയ ദൂരമാണ്. എങ്കിലും ആഗ്രഹം സഫലീകരിച്ച സന്തോഷത്തിൽ ആ പെൺകുട്ടി ഇന്നു മുതൽ ഡോക്ടർ ജോലിക്കു കയറും.
പത്താംക്ലാസിൽ ഫുൾ എ പ്ലസ് വാങ്ങുകയാണ് അസ്ന ചെയ്തത്. പ്ലസ്ടുവിന് 89 ശതമാനം മാർക്കുകിട്ടി. പിന്നീട് തൃശൂരിൽ എൻട്രൻസ് കോച്ചിങ് പൂർത്തിയാക്കി. മെഡിക്കൽ പ്രവേശന പരീക്ഷയിൽ വികലാംഗ വിഭാഗത്തിൽ18-ാംറാങ്ക് നേടിയാണ് ഡോക്ടർ പഠനത്തിന് അസ്ന യോഗ്യത നേടിയത്. കോഴിക്കോട് മെഡിക്കൽ കോളജിലെ 52ാം ബാച്ചിന്റെ ഭാഗമായി അസ്ന വിജയിച്ചു കയറുകയായിരുന്നു.
ചേർത്തുപിടിക്കാനും സഹായം നൽകാനും എത്തിയവർ അനവധിയാണെന്ന് അസ്ന പറയുന്നു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ വീട് നിർമ്മിച്ചു തന്നു. ചികിത്സയ്ക്കും മറ്റുമായി നാട്ടുകാർ പിരിച്ച പണം അക്കൗണ്ടിൽ ഇട്ടിരുന്നു. അതിൽ നിന്നാണ് ഓരോ തവണയും കാലു മാറ്റിവയ്ക്കാൻ പണമെടുക്കുന്നത്. മെഡിക്കൽ കോളജിൽ ചേർന്ന സമയത്ത് ക്ലാസ്മുറിയിലേക്കുള്ള പടികൾ കയറാൻ പ്രയാസമായതു കൊണ്ട് സംസ്ഥാന സർക്കാർ ലിഫ്റ്റ് നിർമ്മിച്ചുനൽകി. ചേർത്ത് പിടിച്ച് കൂടെ നിർത്തിയവരുടെ സ്നേഹം മറക്കാൻ കഴിയില്ലെന്നാണ് അസ്ന പറയുന്നത്.