കെഎസ്ആര്‍ടിസി ബസില്‍ യാത്രയ്ക്കിടെ ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതിയുമായി പിജി വിദ്യാര്‍ത്ഥിനി. പത്തനംതിട്ട ഡിപ്പോയില്‍ ജോലി ചെയ്യുന്ന ചിറ്റാര്‍ ഡ്രൈവര്‍ ഷാജഹാനെതിരെയാണ് പരാതി. പത്തനംതിട്ട ഡിപ്പോയില്‍ നിന്നും ബംഗളൂരുവിലേക്കുള്ള സൂപ്പര്‍ ഡീലക്സ് ബസില്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്നിനാണ് സംഭവം നടന്നത്. കോട്ടയത്ത് നിന്നാണ് പിജി വിദ്യാര്‍ത്ഥിനി ബസില്‍ കയറിയത്. ശനിയാഴ്ച പുലര്‍ച്ചെ കൃഷ്ണ ഗിരിക്ക് സമീപം വെച്ചാണ് അതിക്രമം നടന്നത്.
ദീര്‍ഘ ദൂര ബസില്‍ മാറി മാറി ഓടിക്കാനായി രണ്ട് ഡ്രൈവര്‍മാരാണ് ഉണ്ടാവുക. രണ്ടാമത്തെ ഡ്രൈവര്‍ ബസ് ഓടിക്കുമ്പോഴാണ് വിദ്യാര്‍ത്ഥിനിക്ക് നേരെ ഷാജഹാന് ലൈംഗികാതിക്രമം നടത്തിയത്. ബസിന്റെ ജനല്‍പാളി നീക്കാന്‍ അരികിലെത്തിയപ്പോഴാണ് മോശമായി പെരുമാറിയതെന്ന് പരാതിയില്‍ പറയുന്നു.
യുവതി ബംഗളൂരുവില്‍ എത്തിയതിന് ശേഷം ഇമെയിലിലാണ് പരാതി നല്‍കിയത്. പരാതിയില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് ഓഫിസര്‍ അന്വേഷണം തുടങ്ങി.