എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ നേതൃത്വത്തിന്റെ ഇടപെടലുകളില്‍ കോണ്‍ഗ്രസില്‍ അതൃപ്തി. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പിടി തോമസിന്റെ ഭാര്യയും മുന്‍ കെഎസ്‌യു നേതാവുമായ ഉമ തോമസിന്റെ പേരിനാണ് മുന്‍തൂക്കം. ഈ നിര്‍ദേശത്തോട് പാര്‍ട്ടിക്കുള്ളില്‍ പൊതുവേ എതിര്‍പ്പില്ലെങ്കിലും കെപിസിസി ഇടപെടലുകള്‍ പ്രാദേശിക നേതൃത്വം അറിയില്ലെന്നാണ് ഇപ്പോഴത്തെ അതൃപ്തിക്ക് പിന്നില്‍.
കഴിഞ്ഞ ദിവസം പിടി തോമസിന്റെ വസതി സന്ദര്‍ശിച്ച ശേഷമായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരനും, പ്രതിപക്ഷ നേതാവ് വിഡി സതീശനും സ്ഥാനാര്‍ത്ഥിയെ കുറിച്ചുള്ള സൂചനകള്‍ നല്‍കിയത്. എന്നാല്‍ നേതാക്കളുടെ സന്ദര്‍ശനത്തെ കുറിച്ച് എറണാകുളത്തെ മറ്റ് നേതാക്കളെ അറിയിച്ചിരുന്നില്ലെന്നതാണ് ഭിന്നതയ്ക്ക് ഇടയാക്കിയത്.
യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ഡൊമനിക് പ്രസന്റേഷന്‍ വിഷയത്തിലുള്ള അതൃപ്തി പരസ്യമാക്കുകയും ചെയ്തു. ഒരു ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കവെയാണ് ഉമ തോമസിനെ സന്ദര്‍ശിച്ച നേതാക്കളുടെ സംഘത്തില്‍ നിന്ന് അവഗണിക്കപ്പെട്ടെന്ന വികാരം അദ്ദേഹം പങ്കുവച്ചത്. പി ടി തോമസിന്റെ കടബാധ്യതകള്‍ തീര്‍ക്കാന്‍ പാര്‍ട്ടി സ്വരുപിച്ച പണം കൈമാറാനായിരുന്നു കെപിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഉമ തോമസിനെ സന്ദര്‍ശിച്ചത്.
മണ്ഡലത്തില്‍ താമസിക്കുന്ന കോണ്‍ഗ്രസ് നേതാക്കളായ ഹൈബി ഈഡന്‍ എംപി, ടിജെ വിനോദ് എംഎല്‍എ, എന്‍ വേണുഗോപാല്‍, ദീപ്തി മേരി വര്‍ഗീസ് തുടങ്ങിയ നേതാക്കളും അറിഞ്ഞിരുന്നില്ല. മണ്ഡലം, ബ്ലോക്ക് നേതാക്കളെയും അവഗണിച്ചെന്ന വികാരവും ശക്തമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെ എന്നും എതിര്‍ത്ത നേതാവായിരുന്നു പിടി തോമസ് എന്നുള്ള ഡൊമനിക് പ്രസന്റേഷന്റെ നിലപാടും ഭിന്നത പരസ്യമാക്കുന്നതാണെന്നാണ് വിലയിരുത്തല്‍.
പൊതുസമ്മതനായ സ്ഥാനാര്‍ത്ഥി എന്ന ആവശ്യം ഉന്നയിക്കുന്ന മറ്റൊരു വിഭാഗവും നിലവില്‍ കോണ്‍ഗ്രസിന് ഉള്ളിലുണ്ട്. കെ സുധാകരനും, വിഡി സതീശനും പാര്‍ട്ടി നേതൃത്വത്തില്‍ എത്തിയതോടെ പാടെ അവഗണിക്കപ്പെടുന്നു എന്ന വികാരം എ, ഐ ഗ്രൂപ്പുകള്‍ക്കിടയില്‍ തന്നെ ശക്തമാണ്.