കോട്ടയം മാടപ്പള്ളിയിലെ കെ-റയില്‍ സമരത്തില്‍ പങ്കെടുത്ത 150 പേര്‍ക്കെതിരെ കേസെടുത്തു. പൊലീസ് വലിച്ചിഴച്ച വീട്ടമ്മ ജിജി ഫിലിപ്പ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്. പൊലീസിനെതിരെ മണ്ണെണ്ണ ഒഴിച്ചതിനും വനിതാ പൊലീസിനെ ആക്രമിച്ചതിനുമാണ് കേസ് എടുത്തത്.
കെ റെയില്‍ കല്ലിടലിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധം പൊലീസുകാരുമായുള്ള സംഘര്‍ഷത്തിലേക്ക് വഴിവെച്ചിരുന്നു. നാട്ടുകാര്‍ക്ക് നേരെ പൊലീസിന്റെ ബലപ്രയോഗം ഉണ്ടായി. സ്ത്രീകളെ പൊലീസ് വലിച്ചിഴച്ച് നീക്കി. സമരത്തിന്റെ മുന്‍ നിരയിലുണ്ടായിരുന്നവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നാല് സ്ത്രീകള്‍ ഉള്‍പ്പടെ 23 പേരാണ് അറസ്റ്റിലായിരുന്നത്. പൊലീസിന് നേരെ മണ്ണെണ്ണ ഒഴിച്ചത് കൊണ്ടാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
കുട്ടിയെ സമര മുഖത്ത് ഉപയോഗിച്ചതും അറസ്റ്റിന് കാരണമായെന്ന് പൊലീസ് പറഞ്ഞിരുന്നു. മനുഷ്യ ശൃംഖല തീര്‍ത്തായിരുന്നു രാവിലെ മുതല്‍ ഇവിടെ പ്രതിഷേധം. കല്ലുമായെത്തിയ വാഹനത്തിന്റെ ചില്ല് പ്രതിഷേധക്കാര്‍ തകര്‍ത്തു. നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. കല്ലിടല്‍ നടപടിക്രമം പാലിക്കാതെയെന്നാണ് പ്രതിഷേധക്കാര്‍ ആരോപിച്ചത്.
അതേസമയം മാടപ്പള്ളിയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ സമരക്കാര്‍ക്കെതിരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു.










Manna Matrimony.Com
Thalikettu.Com







