കെ റെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്തവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് കോട്ടയം തൃക്കൊടിത്താനം പൊലീസ് സ്റ്റേഷന് മുന്നില്‍ സമരക്കാരുടെ പ്രതിഷേധം. മാടപ്പള്ളിയിലെ പ്രതിഷേധ സ്ഥലത്ത് നിന്ന് കസ്റ്റഡിയിലെടുത്ത നാല് സ്ത്രീകള്‍ ഉള്‍പ്പടെയുള്ള 23 പ്രവര്‍ത്തകരെ ഉടന്‍ വിട്ടയയ്ക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കേരള കോണ്‍ഗ്രസ് നേതാവ് ജോസഫ് എം. പുതുശേരി, യു.ഡി.എഫ് നേതാവ് ലാലി വിന്‍സെന്റ് തുടങ്ങിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ചങ്ങനാശേരിയിലെ പ്രതിഷേധത്തിനിടെ പൊലീസ് പിടികൂടിയവരെ അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയയ്ക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.
പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചു കൊണ്ട് ചങ്ങനാശേപി നിയോജക മണ്ഡലത്തില്‍ ബി.ജെ.പി നാളെ ഹര്‍ത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്. ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചു.
കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയില്‍ നടക്കുന്ന പ്രതിഷേധത്തിനിടെ സമരക്കാര്‍ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാശ്രമം നടത്തിയിരുന്നു. പൊലീസ് ഇടപെട്ടാണ് ആത്മഹത്യാശ്രമം തടഞ്ഞത്. മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ച ശേഷം മണ്ണെണ്ണ കുപ്പികളുമായെത്തിയ പ്രവര്‍ത്തകരെ പൊലീസ് ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.
ചങ്ങനാശേരിയിലെ 16 കുടുംബങ്ങളാണ് വീട് നഷ്ടമാവുമെന്ന് പറഞ്ഞ് സമരം സംഘടിപ്പിച്ചത്. കല്ലിടാനുള്ള സംഘമെത്തിയാല്‍ അവരെ തടയുമെന്നുള്ള കാര്യം നേരത്തേ തന്നെ സമരക്കാര്‍ വ്യക്തമാക്കിയിരുന്നു.
രാവിലെ 9 മണി മുതല്‍ സംയുക്ത സമര സമിതിയും നാട്ടുകാരും ചേര്‍ന്ന് സില്‍വന്‍ ലൈന്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് പ്രതിഷേധവുമായെത്തിയിരുന്നു. ഉദ്യോ?ഗസ്ഥര്‍ എത്തിയപ്പോള്‍തന്നെ സമരക്കാര്‍ വാഹനത്തിന്റെ ചില്ലെറിഞ്ഞ് പൊട്ടിക്കുകയും മടങ്ങിപ്പോകണമെന്ന് അവരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പൊലീസും ഉഗ്യോഗസ്ഥരും രണ്ടാമതും സര്‍വേ കല്ലുകള്‍ സ്ഥാപിക്കാനായി എത്തിയതോടെയാണ് നാട്ടുകാര്‍ വീണ്ടും സംഘടിച്ചത്. മുന്നറിയിപ്പ് അവഗണിച്ച് സമര സമിതി പ്രവര്‍ത്തകര്‍ ബഹളം വെച്ചതോടെയാണ് പൊലീസുമായി സംഘര്‍ഷമുണ്ടായത്.