പാര്‍ട്ടി പുനഃസംഘടന ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പട്ടികയുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളിലെല്ലാം പരിഹാരം കണ്ടെന്നും സുധാകരന്‍ വ്യക്തമാക്കി. അന്തിമ പട്ടികക്ക് രൂപം നല്‍കാന്‍ കെ സുധാകരനും വി ഡി സതീശനും തിങ്കളാഴ്ച വീണ്ടും ചര്‍ച്ച നടത്തും.
ഹൈക്കമാന്റ് ഇടപെടലോടെ അനിശ്ചിതത്വത്തിലായ കെപിസിസി പുനഃസംഘടന ഉടന്‍ പൂര്‍ത്തിയാക്കും. ഇതിനായി നേതൃതലത്തില്‍ മാരത്തണ്‍ ചര്‍ച്ചകള്‍ തുടരുകയാണ്. പരാതി ഉന്നയിച്ചവരെയെല്ലാം പരിഗണിച്ചും അതൃപ്തികള്‍ പരിഹരിച്ചുമാണ് നേതൃത്വം അന്തിമ പട്ടികക്കായി ചര്‍ച്ചകള്‍ തുടരുന്നത്. അതേസമയം, അതൃപ്തരെ ഉള്‍ക്കൊളളിക്കുന്നതിനായി ജംബോ പട്ടികയുണ്ടാവില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വ്യക്തമാക്കി.
വി ഡി സതീശനുമായി ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ കെ സുധാകരന്‍ തളളി. കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പുകള്‍ ഉണ്ടാവില്ലെന്നും കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി.
ഭാരവാഹിപ്പട്ടിക അന്തിമമാക്കുന്നതിനായി തിങ്കളാഴ്ച കെ സുധാകരനും വി ഡി സതീശനും വീണ്ടും ചര്‍ച്ച നടത്തും. ശേഷം ഹൈക്കമാന്റ് അനുമതിയോടെ ബുധനാഴ്ചയോ വ്യാഴാഴ്ചയോ ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് നേതൃത്വത്തിന്റെ നീക്കം.










Manna Matrimony.Com
Thalikettu.Com







